ലോക ബാഡ്‍മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി സ്വര്‍ണം നേടി ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയ താരം പി വി സിന്ധുവിന് ബിഎംഡബ്ല്യു X5 എസ്‌യുവി സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന. 

തെലുങ്കാന ബാഡ്‍മിന്‍റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ബിഎംഡബ്ല്യുവിന്റെ ബ്രാന്റ് അംബാസിഡറും  ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ തെണ്ടുല്‍ക്കറും ബാഡ്‍മിന്റണ്‍ ആരാധകരായ വ്യവസായ പ്രമുഖരും തെലുങ്കാന ബാഡ്‍മിന്‍റണ്‍ അസോസിയേഷന്‍ മേധാവി ചാമുണ്ഡേശ്വരനാഥും മുന്‍കൈയെടുത്താണ് സിന്ധുവിനുള്ള കാര്‍ ഒരുക്കിയത്. ബിഎംഡബ്ല്യുവിന്റെ എസ്‌യുവി എക്സ്5 ന്റെ ഏറ്റവും പുതിയ മോഡലിന്‍റെ താക്കോല്‍ കൈമാറ്റമാണ് നാഗാര്‍ജുന നടത്തിയത്. 

ബിഎംഡബ്ല്യു എസ്‍യുവി നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ X5-ന്റെ നാലാം തലമുറ മോഡല്‍ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എക്സ്ഡ്രൈവ് 30d സ്പോര്‍ട്ട്, എക്സ്ഡ്രൈവ് 30d എക്സ്ലൈന്‍ എന്നീ ഡീസല്‍ പതിപ്പുകളും 40i എം സ്‌പോര്‍ട്ട് പെട്രോള്‍ മോഡലുമാണ് എക്‌സ്5 നുള്ളത്.

മൂന്നു ലീറ്റർ എൻജിനാണ് ഡീസൽ മോഡലിന്‍റെ ഹൃദയം. ഇത് 265 പിഎസ് പവറും 620 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 6.5 സെക്കന്റുകൾ മാത്രം മതി വാഹനത്തിന്. 230 കിലോമീറ്ററാണ് കൂടിയ വേഗം. പെട്രോൾ മോ‍ഡലിനും കരുത്തേകുന്നത് 3 ലീറ്റർ എൻജിൻ തന്നെയാണ്. 340 പിഎസ് പവറും 450 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ഉയർന്ന വേഗം 243 കിലോമീറ്റാണ്. ഏകദേശം 72.90 ലക്ഷം രൂപ മുതൽ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതില്‍ ഏത് വേരിയന്റാണ് സിന്ധുവിന് സമ്മാനിച്ചതെന്ന വിവരം ലഭ്യമല്ല.