ഒരു ഓട്ടോ റിക്ഷയിൽ എത്ര പേരെ കയറ്റാം ? ഏറിയാൽ നാലോ അഞ്ചോ? അല്ല, നാസിക്കിൽ അപകടത്തിൽ പെട്ട ഓട്ടോറിക്ഷയിൽ കുത്തിക്കയറ്റി ഇരുത്തിയിരുന്നത് ഡ്രൈവറടക്കം ഒമ്പതു യാത്രക്കാരെയാണ്. ദ്യോലാ-മാലേഗാവ് റോഡിൽ വെച്ച് നിയന്ത്രണം വിട്ടു പാഞ്ഞുവന്ന ഒരു  എംഎസ്ആർടിസി (MSRTC) ബസ് ഈ ഓട്ടോയിൽ മുഖാമുഖം ഇടിച്ചു. ഓട്ടോറിക്ഷയേയും വലിച്ചിഴച്ചുകൊണ്ട് ഏറെ ദൂരം പോയി ആ ബസ്. ഒടുവിൽ രണ്ടു വാഹനങ്ങളും കൂടി ചെന്നുപതിച്ചത് റോഡരികിലെ ഒരു പൊതുകിണറ്റിനുള്ളിലേക്കാണ്. 

അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന 9 പേരും തൽക്ഷണം മരിച്ചു. അപകടം നടക്കുമ്പോൾ 46 യാത്രക്കാരുണ്ടായിരുന്നു ബസിൽ. ആകെ മരണസംഖ്യ ഇപ്പോൾ 26  ആയിട്ടുണ്ട്. ഇനിയും നിരവധിപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനാൽ മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുള്ളതായി നാസിക് റൂറൽ എസ്പി ആരതി സിംഗ് പറയുന്നു. ജനുവരി 28 -ന് വൈകുന്നേരം 4 മണിക്കായിരുന്നു ഈ അപകടം നടന്നത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.