'ത്രീകിംഗ്‍സ് എന്ന ചിത്രത്തില്‍ നിയന്ത്രണം നഷ്‍ടമായ വിമാനത്തിലിരിക്കുന്ന ജഗതിയുടെ കഥാപാത്രത്തോട് സലീംകുമാറിന്‍റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. "നിങ്ങളുടെ വിമാനം ഇപ്പോള്‍ ഓടുന്നത് സെക്കന്‍ഡ് ഹാന്‍ഡ് എഞ്ചിനിലാണ്.. അതും മെയ്‍ഡ് ഇന്‍ ചൈന.." അക്ഷരാര്‍ത്ഥത്തില്‍ ഈ അവസ്ഥയിലാണ് ഇന്ത്യയുമായി പോരിനിറങ്ങിയ പാക്കിസ്ഥാന്‍റെ വ്യോമസേന. 

പാക്ക് വ്യോമസേനയുടെ ശേഖരത്തില്‍ ഭൂരിപക്ഷവും പഴഞ്ചന്‍ യുദ്ധവിമാനങ്ങളാണ് എന്നതാണ് പാക്കിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവയില്‍ ഭൂരിഭാഗവും ചൈനീസ് നിര്‍മ്മിതമാണെന്നതാണ് മറ്റൊരു കൗതുകം. അവയില്‍ ചിലവയെ വെറുതെയൊന്ന് പരിചയപ്പെടാം.

ചെങ്‍ഡു ജെ 7
ചൈനയിലെ ചെങ്‍ഡു എയർക്രാഫ്റ്റ് ഇൻ‍ഡസ്ട്രീസാണ് ഈ വിമാനത്തിന്‍റെ നിര്‍മ്മാണം. 1988 ലാണ് ഇന്റർസെപ്റ്റർ വിഭാഗത്തിൽ വരുന്ന  ഈ ചൈനീസ് വിമാനം പാക്ക് എയർഫോഴ്സിന്റെ ഭാഗമാകുന്നത്.  2013ൽ ഉൽപാദനം അവസാനിപ്പിച്ച ഈ വിമാനം നിലവില്‍ ചൈനക്കും പാക്കിസ്ഥാനും പുറമേ ബംഗ്ലാദേശ്, ശ്രീലങ്ക, നോർത്ത് കൊറിയ, ഇറാൻ, മ്യാൻമാർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളാണ് ഉപയോഗിക്കുന്നത്.

ജെഎഫ്–17
വിശ്വസിക്കാൻ കൊള്ളില്ലെന്നു പാക് വ്യോമസേന തന്നെ ആരോപിച്ച ഇടയ്ക്കിടെ തകർന്നു വീഴുന്ന യുദ്ധവിമാനമായ ജെഎഫ്-17 ആണ് പാക്കിസ്ഥാന്റെ പ്രധാന യുദ്ധവിമാനം എന്നതാണ് ഏറെ രസകരം. നാലാം തലമുറയില്‍പെട്ട ഒരു യുദ്ധവിമാനം നിർമിക്കുക എന്ന ചൈനയുടെയും പാക്കിസ്ഥാന്റേയും സംയുക്ത ശ്രമമാണ് ജെഎഫ് 17 ന്റെ പിറവിക്കു പിന്നില്‍. 

2007 ലാണ് തണ്ടര്‍ എന്നു വിളിപ്പേരുള്ള ഈ വിമാനം പാക്ക് എയർഫോഴ്സിന്റെ ഭാഗമായത്.  ഒരേസമയം രണ്ടു ലക്ഷ്യങ്ങളിലേക്കു മാത്രം ചുരുങ്ങുന്ന സംഹാരശേഷിയും ആധുനികമല്ലാത്ത റഡാറും ഉള്‍പ്പെടെ ഈ വിമാനത്തിന് പോരായ്‍മകള്‍ ഏറെയാണ്. പാക്കിസ്ഥാൻ എയ്റോനോട്ടിക്കൽ കോംപ്ലക്സും ചെങ്ഡു എയർക്രാഫ്റ്റ് ഇൻ‍ഡസ്ട്രിയും ചേർന്നാണ് ഈ വിമാനത്തിന്‍റെ നിര്‍മ്മാണം. കൗതുകം ഇതുമാത്രമല്ല. ഒരുമിച്ചുണ്ടാക്കിയ ഈ വിമാനം പാക്ക് പട്ടാളം വാങ്ങിയിട്ടും ചൈനീസ് സൈന്യം ഇവ വാങ്ങാന്‍ ഇതുവരെ തയാറായിട്ടില്ലെന്നതാണ് ഏറെ രസകരം. 

മിറാഷ് III
അരനൂറ്റാണ്ടു മുമ്പാണ് പാക്കിസ്ഥാൻ ഈ മൾട്ടിറോൾ വിമാനങ്ങൾ  സ്വന്തമാക്കുന്നത്. മുമ്പ് അർജന്റീന,  ഫ്രാൻസ്, ഓസ്ട്രേലിയ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, സ്പെയിൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഈ വിമാനം ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവരൊക്കെ മിറാഷ് IIIനെ കൈയ്യൊഴിഞ്ഞു. ഇപ്പോള്‍ പാക്ക് എയർഫോഴ്സിൽ മാത്രമാണ് മിറാഷ് III ന് സ്ഥാനം. 

മിറാഷ് 5
നാല് പതിറ്റാണ്ട മുമ്പ് 1973 ലാണ് അറ്റാക്ക് ജെറ്റുകള്‍ ഈ പാക്ക് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. നിലവിൽ പാക്കിസ്ഥാനു പുറമേ ഇക്കഡോർ, ഗാബോൺ, തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് മിറാഷ് 5 ഉപയോഗിക്കുന്നത്.

എഫ് 16
മൂന്നു പതിറ്റാണ്ടില്‍ അധികമായി പാക്കിസ്ഥാന്‍ സേനയുടെ ഭാഗമാണ് അമേരിക്കന്‍ വിമാനമായ എഫ് 16 ഫാൽക്കൺ.  ഈ വിമാനത്തിന് ഏറ്റവും പുതിയ അപ്‍ഡേഷനുകളൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ മിന്നലാക്രമണങ്ങള്‍ക്ക് ഇവ മതിയാകുമോ എന്ന കാര്യം സംശയമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.