മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല എന്നാണ് ഗതാഗത കമ്മീഷണ‍ര്‍ എസ് ശ്രീജീത്ത് വ്യക്തമാക്കുന്നത്

സംസ്ഥാനത്ത് എഐ ക്യാമറകൾ ഇന്നുമുതല്‍ പ്രവർത്തനക്ഷമമാകുകയാണ്. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടി വരും. മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല എന്നാണ് ഗതാഗത കമ്മീഷണ‍ര്‍ എസ് ശ്രീജീത്ത് വ്യക്തമാക്കുന്നത്. കാറുകളിൽ പിറകില്‍ ഇരിക്കുന്നവർക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങൾ എന്നും നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷണ‍ര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. 

ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി ഇന്ന് മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുക. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിുലും കാറുകളിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിലും, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാലും, അമിത വേഗത്തിൽ പോയാലും, ട്രാഫിക് സിഗ്നൽ തെറ്റിച്ചാലും ഒക്കെ പിടിവീഴും. ഒപ്പം വലിയ തുക പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടയ്ക്കാൻ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരുല പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈൻ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം. 

സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നതും തൽക്ഷണം തന്നെ ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയക്കുന്നതും. പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകൾക്ക് നൽകുകയും ചെയ്യും. അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ ചെല്ലാൻ (E ചെല്ലാൻ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ചെയ്യും. ശേഷം സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിർച്ച്വൽ കോടതിയിലേക്ക് കേസ് റഫർ ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവീസുകൾ എടുക്കുന്നതിന് ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അതാത് ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്.