Asianet News MalayalamAsianet News Malayalam

കാര്‍ വാങ്ങാന്‍ ജനം ക്യൂ, പക്ഷേ ടൂവീലറും ഓട്ടോകളും ആര്‍ക്കും വേണ്ട!

ആഭ്യന്തര യാത്രാ വാഹന വിപണി മികച്ച പ്രകടനവുമായി കുതിക്കുന്നു. ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പന കുത്തനെ ഇടിഞ്ഞു

Passenger vehicle retail sales grew but two and wheeler sales drop
Author
Mumbai, First Published Apr 9, 2021, 10:53 AM IST

രാജ്യത്തെ ആഭ്യന്തര കാർ വിപണി മികച്ച പ്രകടനവുമായി കുതിക്കുന്നു. അതസമയം ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പന കുത്തനെ ഇടിഞ്ഞതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. 

പാസ‍ഞ്ചർ വാഹന കാർ വില്‍പ്പന 2021 മാർച്ചിൽ 28.39 ശതമാനം വർദ്ധിച്ചു. വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ)യുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന്  ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  

2020 മാർച്ചിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 2.17 ലക്ഷം യൂണിറ്റുകളായിരുന്നു. എന്നാല്‍ 2021 മാര്‍ച്ചില്‍ ഇത് 2.79 ലക്ഷം യൂണായി ഉയര്‍ന്നു എന്ന് കണക്കുകള്‍ പറയുന്നു. ട്രാക്‌ടറുകളാണ് 2021 മാർച്ചിൽ നേട്ടം കുറിച്ച മറ്റൊരു വിഭാഗം. 53,463 യൂണിറ്റുകളിൽ നിന്ന് 69,082 യൂണിറ്റുകളായാണ് വില്‍പ്പന ഉയര്‍ന്നത്. 29.21 ശതമാനമാണ് വളർച്ച. 

അതേസമയം ടൂവീലർ, ത്രീവീലർ, വാണിജ്യ വാഹനം എന്നിവ കുറിച്ച കനത്ത നഷ്‌ടം മൂലം മാർച്ചിലെ മൊത്തം വാഹന വില്പന 28.64 ശതമാനം ഇടിഞ്ഞതായും കണക്കുകള്‍ പറയുന്നു. 18.46 ലക്ഷം യൂണിറ്റുകളിൽ നിന്ന് 35.26 ശതമാനം ഇടിവുമായി 11.95 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. ത്രീവീലർ വില്പനയില്‍ 50.72 ശതമാനമാണ് ഇടിവ്. 2020 മാർച്ചിൽ വില്‍പ്പന 77,173 ത്രീവീലറുകള്‍ വിറ്റ സ്ഥാനത്ത് 38,034 ത്രീവീലറുകളാണ് 2021 മാർച്ചിലെ വില്‍പ്പന. 

വാണിജ്യ വാഹന വില്‍പ്പനയും ഇടിഞ്ഞു. 1.16 ലക്ഷം യൂണിറ്റുകളിൽ നിന്നു 67,372ലേക്കാണ് വാണിജ്യ വാഹന വില്‍പ്പന ഇടിവ്. 42.20 ശതമാനം നഷ്‌ടം. മാർച്ചിൽ എല്ലാ വിഭാഗം ശ്രേണികളിലുമായി ആകെ വിറ്റഴിഞ്ഞത് 16.49 ലക്ഷം വാഹനങ്ങളാണ്. 2020 മാർച്ചിലെ 23.11 ലക്ഷം യൂണിറ്റുകളേക്കാൾ 28.64 ശതമാനം കുറവ്. 

ആന്ധ്രാപ്രദേശ്, തെലങ്കാന, മദ്ധ്യപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നൊഴികെയുള്ള രാജ്യത്തെ 1,277 ആർ.ടി.ഒ ഓഫീസുകളിൽ നിന്ന് ശേഖരിച്ച രജിസ്‌ട്രേഷൻ കണക്കുകൾപ്രകാരമാണ് ഫാഡ റിപ്പോർട്ട് തയ്യാറാക്കിയത്.

ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന സ്ഥാനം മാരുതി സുസുക്കി തുടരുകയാണ്. 46.26 ശതമാനമാണ് മാരുതിയുടെ വിപണി വിഹിതം. 16.34 ശതമാനവുമായി ഹ്യുണ്ടായി, 8.77 ശതമാനവുമായി ടാറ്റാ മോട്ടോഴ്‌സ്, 5.48 ശതമാനവുമായി മഹീന്ദ്ര, 5.45 ശതമാനവുമായി കിയ മോട്ടോഴ്‌സ് തുടങ്ങിയവരാണ് മറ്റ് സ്ഥാനങ്ങളില്‍. 

Follow Us:
Download App:
  • android
  • ios