ബെയ്ജിങ്: റോഡിലേക്ക് തെന്നിവീണ ഇരുചക്രവാഹനത്തിന് മുകളിലൂടെ കാർ കയറിയിറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റോഡിലേക്ക് സ്കൂട്ടർ തെന്നിവീഴുന്നതും പിന്നാലെ വന്ന കാർ സ്കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചൈനയിലെ ഗ്വാങ്‌സി ഷുവാങ്ങിലെ ലിയുഷ ന​ഗരത്തിലാണ് സംഭവം നടന്നത്.  

തിരക്ക് പിടിച്ച റോഡിലൂടെ ഇലക്ട്രോണിക് സ്കൂർ ഓടിച്ച് പോകുന്നതിനിടെയായിരുന്നു അപകടം. റോഡിനരികിലൂടെ വളരെ പതുകെ ഓടിച്ചുക്കൊണ്ടിരിക്കുന്നതിനിടെ സ്കൂട്ടർ പെടുന്നനെ റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇതിന് പിന്നാലെ പുറകിൽ വരുകയായിരുന്ന കാർ സ്കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങി. തുടർന്ന് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി കാറിനടിയിൽ അകപ്പെടുകയും ചെയ്തു.

അപകടം നടന്ന സെക്കന്റിൽ തന്നെ കാർ ഡ്രൈവർ കാർ നിർത്തുകയും പിന്നാലെ മറ്റു യാത്രക്കാരെത്തി യുവതിയെ കാറിനടയിൽനിന്ന് പുറത്തെടുക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മുപ്പതോളം അളുകളെത്തിയാണ് യുവതിയെ രക്ഷിച്ചതെന്ന് വീഡിയോ പങ്കുവച്ച സിജിടിഎൻ വ്യക്തമാക്കി. അപകടത്തിൽ നിസാര പരിക്കുകളോടെ വളരെ അത്‍ഭുതകരമായാണ് യുവതി രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.