ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളായ  ഇദ്ദേഹം അമേരിക്കന്‍ വണ്ടിക്കമ്പനി മുതലാളിക്ക് മുന്നില്‍ വച്ച ആവശ്യം ഇതായിരുന്നു

അമേരിക്കന്‍ വാഹന ഭീമന്‍ ടെസ്‍ലയും സ്ഥാപകന്‍ ഇലോണ്‍ മസ്‍കും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യന്‍ വാഹന ലോകത്ത് സജീവ ചര്‍ച്ചാവിഷയമാണ്. ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യാൻ ഉയർന്ന നികുതി നൽകണമെന്നും ലോകത്ത് തന്നെ ഏറ്റവും വലിയ നികുതി നിരക്കാണ് ഇവിടുത്തേതെന്നുമുള്ള ഇലോണ്‍ മസ്‍കിന്‍റെ വാക്കുകളാണ് വാഹനലോകത്തെ ചര്‍ച്ച. 

ഇപ്പോഴിതാ ഇതുസംബന്ധിച്ച് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മയുടെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്. 2.3 ബില്യൺ ഡോളർ ആസ്‍തിയുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളായ ശർമ, അമേരിക്കൻ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടെസ്‍ല ആരാധകരുടെ ക്ലബ്ബിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ്. പക്ഷേ ടെസ്‌ല സിഇഒ എലോൺ മസ്‌കിന് മുന്നില്‍ ഒരു വ്യവസ്ഥ ശര്‍മ്മ മുന്നോട്ടു വയ്ക്കുന്നു. ടെസ്‌ല ഇന്ത്യയിൽ ഒരു ഫാക്ടറി സ്ഥാപിക്കണമെന്നതാണ് വിജയ് ശേഖർ ശർമ്മയുടെ ആവശ്യം എന്ന ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ ഒരു ടെസ്‌ലയ്‌ക്കായി കാത്തിരിക്കുകയാണെന്നും എല്ലാ കമ്പനികളുടെയും ഫാക്ടറികൾ ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്നതാണ് തന്‍റെ സ്വപ്‍നം എന്നും ശർമ്മ പറയുന്നു. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ടെസ്‍ലയുടെ ആവശ്യത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഓല കാബ്‍സിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാള്‍ കഴിഞ്ഞ ദിവസം പ്രതികിരച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ശര്‍മ്മയുടെ ഈ പ്രതകിരണവും. 

ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യാൻ ഉയർന്ന നികുതി നൽകണമെന്നും ലോകത്ത് തന്നെ ഏറ്റവും വലിയ നികുതി നിരക്കാണ് ഇവിടുത്തേതെന്നും പറഞ്ഞ ഇലോണ്‍ മസ്‍ക് പെട്രോളും ഡീസലും പോലെ തന്നെയാണ് ഇലക്ട്രിക് ഊർജ്ജത്തിലോടുന്ന വാഹനങ്ങളോടും ഇന്ത്യയിലെ സർക്കാരുകളുടെ നിലപാടെന്നും അത് രാജ്യത്തെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളോട് ചേർന്നുപോകുന്നതല്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. 

ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന മസ്‍കിന്‍റെ ആവശ്യത്തിനെതിരെ നിരവധി ഇന്ത്യന്‍ കമ്പനികള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ടാറ്റാ മോട്ടോഴ്‍സിന്റെ സിഎഫ്ഒ പി ബാലാജിയും ഇതേ ആശങ്ക ഉയർത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക പോളിസിക്കും ഫെയിം II ന്റെ തത്വങ്ങൾക്കും അനുസൃതമായി തുടരുമെന്ന് കനിക്ക് ഉറപ്പുണ്ടെന്നും എല്ലാവരും ഇതിലേക്കാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഇലോണ്‍ മാസ്‌കിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കമ്പനി ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കണമെന്ന നിബന്ധനയോടെ ടെസ്‌ല കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതായി ഇക്കണോമിക്ക് ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കേന്ദ്രസര്‍ക്കാരിലെ ഉന്നതന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ഇക്കണോമിക് ടൈംസ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ തന്നെ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം നിരവധി ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്നായിരുന്നു ഇലക്ട്രിക് കാറുകള്‍ക്ക് മുകളിലെ ജിഎസ്‍ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona