Asianet News MalayalamAsianet News Malayalam

പെട്രോള്‍ എസ് ക്രോസ് എത്തുക ആഗസ്റ്റ് 5ന്

മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പെട്രോള്‍ മോഡല്‍ ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 

Petrol S Cross Will Launch At August 5
Author
Mumbai, First Published Jul 21, 2020, 4:49 PM IST

മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പെട്രോള്‍ മോഡല്‍ ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ജൂലൈ 29ന് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകളെങ്കിലും വീണ്ടും അവതരണ ദിവസം മാറ്റുകയായിരുന്നു എന്നാണ് വിവരം. ആദ്യം മാർച്ചില്‍ വിപണിയിൽ എത്തിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ലോകവ്യാപകമായി ബാധിച്ച കൊവിഡ്-19 കാരണം അവതരണം വൈകി. 

വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗ് കമ്പനി നേരത്തെ തുടങ്ങിയിരുന്നു. നിലവിലുള്ളതുപോലെതന്നെ നെക്സ ഡീലർഷിപ്പ് വഴിയായിരിക്കും വാഹനത്തിന്റെ വില്പന. ഇത്രകാലവും ഡീസല്‍ എന്‍ജിനില്‍ മാത്രം എത്തിയിരുന്ന എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പ് കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്.  

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളിലാണ് പെട്രോള്‍ എന്‍ജിന്‍ എസ്-ക്രോസ് എത്തുന്നത്. ഇതിലെ സിഗ്മ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുമെന്നാണ് സൂചന. ബിഎസ്-4 എന്‍ജിനിലെ എല്ലാ വേരിയന്റിലും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ ഇത്തവണ ഓട്ടോമാറ്റിക്കില്‍ മാത്രമായിരിക്കും ഹൈബ്രിഡ് നല്‍കുക. 

ബിഎസ് 6 1.5 ലിറ്റർ കെ 15 ബി പെട്രോൾ മോട്ടോർ ആയിരിക്കും മാരുതി സുസുക്കി എസ്-ക്രോസിൽ ഉപയോഗിക്കുന്നത് . ഈ എഞ്ചിന്‍ 103.5 ബിഎച്ച്പിയും 138 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും എയ്‌സിനിൽ നിന്നുള്ള നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ഇത് ബന്ധിപ്പിക്കും. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന സുസുക്കിയുടെ എസ്എച്ച് വി എസ് മിൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ വാഹനത്തിന് നൽകും.

ഏറ്റവും ഒടുവില്‍ 2017ലാണ് എസ്‌ക്രോസിന്റെ മുഖം മിനുക്കിയ പതിപ്പ് കമ്പനി അവതരിപ്പിച്ചത്.. എന്നാല്‍ ഇപ്പോള്‍ വരുന്ന പെട്രോള്‍ പതിപ്പില്‍ മെക്കാനിക്കൽ മാറ്റത്തിന് പുറമെ, ബി‌എസ് 6 മാരുതി സുസുക്കി എസ്-ക്രോസിന്  പുറംഭാഗത്തോ ഇന്റീരിയറുകളിലോ അപ്‌ഡേറ്റുകള്‍ ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇന്റീരിയറില്‍ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എക്സ്റ്റീരിയറില്‍ പുതിയ റിയര്‍ വ്യൂ മിറര്‍, പുതിയ ഇന്റിക്കേറ്റര്‍ ലൈറ്റ്, സ്‌പോര്‍ട്ടി അലോയി വീല്‍ എന്നിവ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

വാഹനത്തിന്‍റെ ഡീസൽ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്-ക്രോസ് പെട്രോളിന്റെ വില അല്പം കുറയാനാണ് സാധ്യത. അതായത് വരാനിരിക്കുന്ന പുതിയ പതിപ്പിന് ഏകദേശം 8.5-11.5 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, റിനോ ഡസ്റ്റർ എന്നിവയുടെ പെട്രോൾ പതിപ്പുകളായിരിക്കും എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios