രാജ്യത്തെ ജനപ്രിയ ഓട്ടോറിക്ഷയായ ആപ്പെയെ ഇലക്ട്രിക്ക് കരുത്തില്‍ പുറത്തിറക്കാനൊരുങ്ങി  ഇറ്റാലിയൻ നിർമ്മാണ കമ്പനിയായ പിയാജിയോ വെഹിക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ്. പിയാജിയോ ആപെ ഇലക്ട്രിക്‌ എന്ന പേരിലുള്ള ഈ മോഡല്‍ ഡിസംബര്‍ 18-ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ പിയാജിയോയുടെ ആദ്യ ഇലക്ട്രിക് വാണിജ്യ വാഹനമാണിത്. നിലവിലുള്ള ആപ്പെ മോഡലുകള്‍ക്ക് സമാനമായി പാസഞ്ചര്‍, ചരക്ക് വാഹന കാറ്റഗറികളില്‍ ഇ-ഓട്ടോ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യാനുസരണം എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ ഇലക്ട്രിക്ക് ഓട്ടോയില്‍ ഉള്‍പ്പെടുത്തുക.

ആപ്പെ ഇലക്ട്രിക് ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബാറ്ററി സ്റ്റേഷനുകള്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പിയാജിയോ ആരംഭിക്കുമെന്നും ബെംഗളൂരുവിലാണ് ആദ്യ ബാറ്ററി സ്‌റ്റേഷന്‍ തുറക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇലക്ട്രിക്ക് ഓട്ടോയുടെ ബാറ്ററി ശേഷി സംബന്ധിച്ചോ വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേഴ്‌സോ പിയോജിയോ പുറത്തുവിട്ടിട്ടില്ല. ലോഞ്ചിങ് വേളയില്‍ മാത്രമേ ഇക്കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1999ലാണ് ആദ്യത്തെ ആപ്പെയെ പിയാജിയോ ഇന്ത്യന്‍ നിരത്തില്‍ അവതരിപ്പിക്കുന്നത്.