ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ പുതിയ ആപ്പെ എക്സ്‍ട്രാ LDX പ്ലസ് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ചു. 2.65 ലക്ഷം രൂപയാണ് പുതിയ 6 അടി ഡെക്ക് നീളമുള്ള കാര്‍ഗോ ത്രീ വീലറിന്റെ പൂനെ എക്സ്ഷോറൂം വില എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലാസ് മൈലേജ്, മികച്ച ലോഡബിലിറ്റി, ഉയർന്ന ടോർക്ക് തുടങ്ങി മികച്ച മത്സരമാണ് ഈ സെഗ്‍മെന്‍റില്‍ കമ്പനി അവകാശപ്പെടുന്നത്. 

സിവി ലൈനപ്പിലേക്ക് ചേര്‍ത്ത ഏറ്റവും പുതിയ വേരിയന്റാണ് പുതിയ ആപ്പെ എക്സ്ട്രാ LDX പ്ലസ്. പുതിയ വാഹനത്തിന്റെ പ്രധാന സവിശേഷത പഴയ മോഡലുകളില്‍ നിന്ന് വ്യത്യസ്‍തമായി 6 അടി നീളമുള്ള ഡെക്കാണ്.

599 സിസി ഡീസല്‍ എഞ്ചിനാണ് ഈ വാണിജ്യ വാഹനത്തിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. കൂടാതെ, പുതിയ അലുമിനിയം ക്ലച്ച് സുഗമമായ ഡ്രൈവിംഗ് അനുഭവവും 30,000 കിലോമീറ്റർ ദീർഘായുസും നൽകുന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.  മികച്ച ഇന്‍-ക്ലാസ് മൈലേജ്, മികച്ച ലോഡബിലിറ്റി, ഉയര്‍ന്ന ടോര്‍ക്ക് തുടങ്ങിയവയും പുതിയ ആപ്പെ എക്സ്ട്രാ LDX പ്ലസ് വാഗ്ദാനം ചെയ്യുന്നുവെന്ന് പിയാജിയോ അവകാശപ്പെടുന്നു. 

നിലവിലെ 5.5 അടി ആപ് എക്‌സ്ട്രാ എൽഡിഎക്‌സിനെ അപേക്ഷിച്ച് പുതിയ വാഹനത്തിന്‍റെ വില വ്യത്യാസം ഏകദേശം 2,000 രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.