സംസ്ഥാനത്തെ നാലാമത്തെ ഇലക്ട്രിക് വാഹന ഷോറൂമാണ് കൊച്ചിയില്‍ തുറന്നത് എന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

കൊച്ചി: ഇറ്റാലിയന്‍ വാഹന ബ്രാന്‍ഡായ പിയാജിയോയുടെ ഇലക്ട്രിക് വാഹന ഷോറൂം കൊച്ചിയില്‍ തുടങ്ങി. കച്ചേരിപ്പടിയില്‍ ആണ് പുത്തന്‍ ഇ വി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തെ നാലാമത്തെ ഇലക്ട്രിക് വാഹന ഷോറൂമാണ് കൊച്ചിയില്‍ തുറന്നത് എന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കോമാര്‍ക്ക് എന്ന പേര് നല്‍കിയ ഈ എക്‌സ്പീരിയന്‍സ് സെന്ററില്‍ പിയാജിയോയുടെ എല്ലാ ഇലക്ട്രിക് ചരക്ക്, യാത്രാ വാഹനങ്ങളും ലഭ്യമാണ്. പിയാജിയോ ഈയിടെ എഫ്എക്‌സ് (ഫിക്‌സ്ഡ് ബാറ്ററി) ശ്രേണിയില്‍പ്പെട്ട ചരക്ക് വാഹനങ്ങളും ഓട്ടോറിക്ഷയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഹ്രസ്വദൂര ഗതാഗത മേഖലയില്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കുന്ന പിയാജിയോ ഏറ്റവും ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് കമ്പനി പറയുന്നു.

പിയാജിയോയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനച്ചെലവ് കുറവായതിനാല്‍ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. വാഹന ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പുറമെ പരിസ്ഥിതി സംരക്ഷിക്കുന്നതു കൂടിയാണ് കമ്പനിയുടെ എഫ്എക്‌സ് ശ്രേണി. ഉപയോക്താക്കളില്‍ വിശ്വാസ്യത വളര്‍ത്തുന്നതിനും അവര്‍ക്ക് മനസ്സമാധാനം ഉറപ്പാക്കുന്നതിനും മറ്റാരും നല്‍കാത്ത വില്‍പ്പനാനന്തര സര്‍വീസ് ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ സൂപ്പര്‍ വാറന്റി ലഭ്യമാണ്. തുടക്കമെന്ന നിലയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യ മെയിന്റനന്‍സ് പാക്കേജും നല്‍കുന്നു. പിയാജിയോ കണക്റ്റ് ടെലിമാറ്റിക്‌സ് സംവിധാനത്തിലൂടെ വാഹന ഉടമകള്‍ക്കായി തല്‍സമയ ഡാറ്റ ട്രാക്കിംഗ് ലഭ്യമാക്കി വരുന്നു. സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ക്കും ഈ സേവനം ലഭ്യമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona