കഫേ കോഫീ ഡേ കോഫി ഷോപ്പ് ശൃംഖലയുടെ അമരക്കാരന്‍ വി ജി സിദ്ധാർത്ഥയുടെ അകാല മരണത്തിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ ബിസിനസ് ലോകം. തന്‍റെ KA 03 NC 2592 നമ്പര്‍ ടൊയോട്ട ഇന്നോവ കാറിലായിരുന്നു കോഫി രാജാവിന്‍റെ അവസാന യാത്ര. ഈ കറുത്ത ഇന്നോവ കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥയുടെ അവസാന യാത്രക്കിടയില്‍ നിരത്തിലെ ഏതോ ടോള്‍ പ്ലാസയില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞദിവസം ബംഗളൂരുവിൽ നിന്നാണ് ഡ്രൈവര്‍ ബസവരാജ് പാട്ടീലിനൊപ്പം സിദ്ധാർത്ഥ യാത്ര തിരിക്കുന്നത്. ഹാസനിലെ സകലേഷ് പുരയിലേക്കാണെന്നാണ് തന്നോട് ആദ്യം പറഞ്ഞതെന്നാണ് ബസവരാജ് പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് കാർ മംഗളൂരുവിലേക്ക് വിടാൻ സിദ്ധാര്‍ത്ഥ ആവശ്യപ്പെടുകയായിരുന്നുവത്രെ. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. നഗരത്തിൽ കയറാതെ കാസര്‍കോട് ഭാഗത്തേക്ക് വണ്ടിവിടാൻ നിർദ്ദേശിച്ചു.  ഇതിനിടെ സിദ്ധാർഥയ്ക്ക് ഫോൺവന്നു.  അപ്പോഴേക്കും വാഹനം നേത്രാവതി പുഴയുടെ മുകളിലെത്തിയിരുന്നു. ഉടന്‍ കാർ നിർത്താൻ സിദ്ധാര്‍ത്ഥ ആവശ്യപ്പെട്ടെന്നും ബസവരാജ് പറയുന്നു. 

പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥ, വണ്ടി പുഴക്ക് അക്കരെ നിർത്തി പാലത്തിന്‍റെ മറുവശത്ത് കാത്തുനിൽക്കാന്‍  ഡ്രൈവറോട്  പറഞ്ഞു. പിന്നീട് വണ്ടിയുടെ അടുത്തേക്ക് നടന്നുവന്ന സിദ്ധാർഥ, താന്‍ ഒന്നുകൂടി നടന്നുവരാമെന്ന് പറഞ്ഞു. കടുത്ത സമ്മർദ്ദം തീർക്കാൻ കാപ്പിത്തോട്ടങ്ങൾക്കുള്ളിലൂടെ നടക്കുക അദ്ദേഹത്തിന്‍റെ ശീലമായിരുന്നുവത്രെ. ഒരു പക്ഷേ അതുകൊണ്ടാവാം നേത്രാവതി പാലത്തിൽ കാർ നിർത്തി 'ഞാൻ അൽപ്പം നടന്ന് വരാമെന്ന് ' പറഞ്ഞപ്പോൾ മൂന്നു വര്‍ഷത്തോളം ഒപ്പമുണ്ടായിരുന്ന ബസവരാജിന് സംശയമൊന്നും തോന്നാതിരുന്നതും. എന്നാൽ, അരമണിക്കൂർ കഴിഞ്ഞും സിദ്ധാര്‍ത്ഥ തിരിച്ചെത്തിയില്ല. ബസവരാജ് ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചെന്നുമാണ് ബസവരാജിന്‍റെ മൊഴി. 

ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാൽ അടുത്ത് എത്തിയപ്പോഴേക്ക് താഴ്‍ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും പൊലീസിനു മൊഴി നല്‍കിയിരുന്നു. അതിനു ശേഷം നടന്ന തെരെച്ചിലിനൊടുവിലാണ് ഇന്നുകാലത്ത് പാലത്തില്‍ നിന്നും രണ്ടു കിലോമീറ്ററോളം അകലെ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തുന്നത്. പാലത്തിനു മുകളില്‍ നിന്നും കങ്കനാടി പൊലീസ് കസ്റ്റഡിയിലെടുത്ത ആ കറുത്ത ഇന്നോവ ഇപ്പോഴും ഒന്നും അറിയാതെ സ്റ്റേഷനു മുറ്റത്ത് കിടപ്പുണ്ടാവണം.