അപകടങ്ങളെ അതിജീവിക്കാനുള്ള വാഹനങ്ങളുടെ കരുത്ത് പരിശോധിക്കുന്നതിനുള്ള സുരക്ഷാ പരിശോധനയാണ് ക്രാഷ് ടെസ്റ്റുകള്‍. പരീക്ഷണത്തിനുള്ള ഡ്രൈവറില്ലാത്ത വാഹനം അതിവേഗതയില്‍ ഓടിച്ച് ചുമരുകളിലും മറ്റും ഇടിച്ചു കയറ്റിയും വാഹനത്തിന്‍റെ വശങ്ങളില്‍ മറ്റു വാഹനങ്ങള്‍ ഇടിപ്പിച്ചുമൊക്കെയാണ് ഇത്തരം ക്രാഷ് ടെസ്റ്റുകള്‍ നടത്തുക.  സാധാരാണയായി മനുഷ്യരൂപത്തിലുള്ള ഡമ്മികളെയാണ് ഈ ഇടിപരീക്ഷണത്തിന് ഉപയോഗിക്കുന്നത്.

എന്നാല്‍ ഈ ഡമ്മികള്‍ക്കു പകരം ജീവനുള്ള പന്നികളെ ഉപയോഗിക്കുകയാണ് ഒരു രാജ്യം. ചൈനയിലാണ് നെഞ്ചുപിളര്‍ക്കുന്ന ഈ കൊടുംക്രൂരത. 15 ഓളം പന്നികളെയാണ് ഇത്തരത്തില്‍ ഉപയോഗിച്ചത്. പന്നികളെ വാഹനത്തിന്‍റെ മുന്‍സീറ്റില്‍ കെട്ടിവച്ച ശേഷം കാറുകള്‍ ഏകദേശം 80 കിലോമീറ്റര്‍വേഗതയില്‍ ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു.

ഈ പന്നികളില്‍ ഏഴെണ്ണത്തിന്‍റെ ജീവന്‍ പരീക്ഷണത്തിനിടെ തന്നെ നഷ്‍ടമായെന്നും മറ്റുള്ളവയ്ക്ക് സാരമായി പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട പന്നികളുടെ ആന്തരികാവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഇവയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല പരീക്ഷണത്തിനുള്ള പന്നികളെ ക്രാഷ് ടെസ്റ്റിന് മുമ്പ് ഒരു ദിവസം മുഴുവന്‍ പട്ടിണിക്കിട്ടെന്നും ആറ് മണിക്കൂര്‍ വെള്ളം പോലും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ ഈ കൊടുംക്രൂരത കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ വിശദീകരണം. ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍മ്മിക്കാനാണ് ഈ പരീക്ഷണമെന്നും ചെറുപന്നികളുടേയും കുട്ടികളുടെയും ശരീരത്തിന്‍റെ ആന്തരികഘടന ഏകേദേശം ഒരു പോലെയാണെന്നും ഇവര്‍ വാദിക്കുന്നു. അതുകൊണ്ടു തന്നെ പന്നികള ഉപയോഗിക്കുന്നത് മികച്ച സീറ്റ് ബെല്‍റ്റിന്‍റെ നിര്‍മാണത്തിന് സഹായിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. 

മുമ്പ് അമേരിക്കയിലും ക്രാഷ് ടെസ്റ്റുകള്‍ക്ക്  പന്നികളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് 1990 ല്‍ ഈ രീതി അവസാനിപ്പിച്ചു. എന്തായാലും ചൈനയിലെ ഈ ക്രാഷ് ടെസ്റ്റിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുകകയാണ്.