മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര ഓഗസ്റ്റ് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ ഹൻസൽപൂർ പ്ലാന്റിൽ നിന്ന് 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
രാജ്യത്തെ നമ്പർ വൺ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര ലോഞ്ചിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 26 ന് ഗുജറാത്തിലെ ഹൻസൽപൂരിലുള്ള മാരുതി സുസുക്കി പ്ലാന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാരുതി സുസുക്കിയുടെ ഈ ആദ്യ ഇലക്ട്രിക് വാഹനം ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദാബാദിനടുത്തുള്ള ഹൻസൽപൂർ ഫാക്ടറിയിൽ മാരുതി ഇ-വിറ്റാരയുടെ അസംബ്ലി ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, ഇത് ഇലക്ട്രിക് എസ്‌യുവിയുടെ പരമ്പര ഉൽപ്പാദനത്തിന്റെ തുടക്കം കുറിക്കും. ഇതോടെ, സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറാൻ ഒരുങ്ങുകയാണ്.
ഇന്ത്യയിൽ നിർമ്മിച്ച മാരുതി ഇ-വിറ്റാര ജപ്പാൻ ഉൾപ്പെടെ 100ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഹ്യുണ്ടായി ക്രെറ്റ ഇവി, എംജി ഇസഡ്എസ് ഇവി എന്നിവയുമായി മത്സരിക്കാൻ 2026 ന്‍റെ ആദ്യ പാദത്തിൽ ഈ കാർ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയേക്കും. കൂടാതെ, ഗുജറാത്ത് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദനം ഉദ്ഘാടനം ചെയ്യും. തോഷിബ, ഡെൻസോ, സുസുക്കി എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ പ്ലാന്റ്.
മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയത്തിന്റെ ഒരു പ്രധാന ഉദാഹരണമായി, സുസുക്കിയുടെ ആദ്യത്തെ ആഗോള തന്ത്രപരമായ ബാറ്ററി ഇലക്ട്രിക് വാഹനം (BEV) "e VITARA" പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. യൂറോപ്പ്, ജപ്പാൻ തുടങ്ങിയ വികസിത വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച ബാറ്ററി ഇലക്ട്രിക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യുമെന്നും ഈ നാഴികക്കല്ലോടെ, ഇന്ത്യ ഇപ്പോൾ സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആഗോള നിർമ്മാണ കേന്ദ്രമായി പ്രവർത്തിക്കുമെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് പ്രസ്‍താവനയിൽ വ്യക്തമാക്കുന്നു.
ഹാർട്ടെക്റ്റ്-ഇ എന്ന പുതിയ ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മാരുതി സുസുക്കി ഇ-വിറ്റാര എത്തുന്നത്. മാരുതി ഇ-വിറ്റാര 18 ഇഞ്ച് അലോയ് വീലുകളിലാണ് സഞ്ചരിക്കുന്നത്, അതേസമയം ക്യാബിനിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സൺറൂഫ്, 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്ലൈഡിംഗ് ആൻഡ് റീക്ലൈനിംഗ് പിൻ സീറ്റുകൾ, 7-എയർബാഗുകൾ, ലെവൽ 2 ADAS, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സുസുക്കി കണക്റ്റ് തുടങ്ങിയ ഏറ്റവും നൂതനവും പ്രീമിയം സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു.
മാരുതി സുസുക്കി ഇ വിറ്റാര 49 kWh ഉം 61 kWh ഉം എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വരുന്നത്. ചെറിയ ബാറ്ററി 346 കിലോമീറ്റർ WLTP റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം വലിയ ബാറ്ററി പായ്ക്ക് അതിന്റെ സിംഗിൾ-മോട്ടോർ കോൺഫിഗറേഷനിൽ 428 കിലോമീറ്റർ റേഞ്ച് നൽകും. മറുവശത്ത്, 61 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഡ്യുവൽ-മോട്ടോർ വേരിയന്റ് 412 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും.
ഈ വർഷം ആദ്യം ന്യൂഡൽഹിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് മാരുതി ഇ-വിറ്റാരയുടെ പൊതുപ്രദർശനം നടന്നത്. പൂർണ്ണമായും ഇലക്ട്രിക് എസ്‌യുവി ഉൽപ്പാദനത്തിന് തയ്യാറായ രൂപത്തിൽ പ്രദർശിപ്പിച്ചിട്ട് ഏകദേശം എട്ടു മാസത്തോളമായി. പക്ഷേ ഇതുവരെ ഇന്ത്യൻ വിപണിയിൽ ഈ കാർ വിൽപ്പനയ്‌ക്ക് എത്തിയിരുന്നില്ല. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഇ-വിറ്റാര യൂറോപ്പ്, ജപ്പാൻ തുടങ്ങിയ ആഗോള വിപണികളിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
