മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ 'മാരുതി ഇ വിറ്റാര' പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 2026 സാമ്പത്തിക വർഷത്തിൽ 67,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുക എന്നതാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം, ഇതിൽ വലിയൊരു ഭാഗം കയറ്റുമതി ചെയ്യും.

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ 'മാരുതി ഇ വിറ്റാര' പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മാരുതി ഇ വിറ്റാര യുടെ നിർമ്മാണത്തിനുള്ള അസംബ്ലി ലൈനും മാരുതി സുസുക്കി പ്ലാന്റിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഈ ഇലക്ട്രിക് എസ്‌യുവിയുടെ പ്രാദേശിക ഉത്പാദവും ഇതോടെ ആരംഭിച്ചു. ഇത് മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും. 2026 സാമ്പത്തിക വർഷത്തിൽ 67,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുക എന്നതാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം. ഇതിൽ വലിയൊരു ഭാഗം കയറ്റുമതി ചെയ്യും. ഇത് ആഗോള തലത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും.

ഹൻസൽപൂരിലെ സുസുക്കി മോട്ടോർ ഗുജറാത്ത് (എസ്എംജി) പ്ലാന്റ് 640 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. ഏകദേശം 7.5 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ട് ഈ പ്ലാന്‍റിന്. ഈ പുതിയ അസംബ്ലി ലൈൻ ആരംഭിച്ചതിനുശേഷം ശേഷി കൂടുതൽ വർദ്ധിക്കും. മൂന്ന് ഉൽപ്പാദന ലൈനുകളുള്ള ഈ പ്ലാന്റ് അടുത്തിടെ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്ന് മാരുതി സുസുക്കി ഏറ്റെടുത്തു. ഈ ദശകത്തിന്റെ അവസാനത്തോടെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കാനുള്ള പദ്ധതിയും മാരുതി സുസുക്കി പ്രഖ്യാപിച്ചു. 

ആഭ്യന്തര, കയറ്റുമതി വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2014 മാർച്ചിലാണ് ഹൻസൽപൂർ പ്ലാന്റ് ആരംഭിച്ചത്. മാരുതി സുസുക്കി ബലേനോയാണ് ആദ്യം ഇവിടെ നിർമ്മിച്ചത്. തുടർന്ന് 2018 ജനുവരിയിൽ അടുത്ത തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഉത്പാദനം ആരംഭിച്ചു. ഇനി മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാറായ മാരുതി ഇ വിറ്റാരയും ഇവിടെ നിന്ന് ഉത്പാദിപ്പിക്കും. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യും. മുന്ദ്ര തുറമുഖത്തിനടുത്തുള്ള ഈ പ്ലാന്റിൽ നിന്ന് ഇതുവരെ യൂറോപ്പ്, ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്തിരുന്നു.

ഇനി മാരുതി ഇ വിറ്റാരയെക്കുറിച്ച് പറയുകയാണെങ്കിൽ 18 ഇഞ്ച് അലോയ് വീലുകളുള്ള മാരുതി ഇ വിറ്റാരയ്ക്ക് 4,275 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവുമുണ്ട്. ക്രെറ്റയേക്കാൾ നീളമുള്ള 2,700 മില്ലീമീറ്റർ വീൽബേസ് ഇ വിറ്റാരയക്ക് ലഭിക്കുന്നു. കാറിനുള്ളിൽ മികച്ച ബാറ്ററി പായ്ക്ക് സ്ഥാപിക്കാൻ ഈ വലിയ വീൽബേസ് സഹായിക്കും. മിക്ക ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കും പര്യാപ്തമായ 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച് ഇതിന്റെ ആകെ ഭാരം 1,702 കിലോഗ്രാം മുതൽ 1,899 കിലോഗ്രാം വരെയാണ്.

മാരുതി ഇ വിറ്റാരയ്ക്ക് ലിഥിയം അയൺ-ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്കാണ് ഉള്ളത്. രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകൾ (49kWh ഉം 61kWh ഉം) ഉപയോഗിച്ചാണ് കമ്പനി ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പാക്കിൽ ഡ്യുവൽ-മോട്ടോർ ഓൾ വീൽ ഡ്രൈവ് (AWD) സജ്ജീകരണമുണ്ട്. ഇതിനെ കമ്പനി ഓൾ ഗ്രിപ്പ്-ഇ എന്ന് വിളിക്കുന്നു. ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ ഈ എസ്‌യുവിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മാരുതി ഇ വിറ്റാരയുടെ ഏറ്റവും വലിയ എതിരാളി ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്ക് ആയിരിക്കും. ഇതിനുപുറമെ, ടാറ്റ നെക്‌സോൺ ഇവി, എംജി വിൻഡ്‌സർ തുടങ്ങിയ കാറുകളുമായും മാരുതി ഇ വിറ്റാര മത്സരിക്കും.