ടിക് ടോക്ക് വീഡിയോക്ക് വേണ്ടി യുവതിയെ  പിന്നിലിരുത്തി നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരു സ്വദേശിയും ബി. കോം വിദ്യാര്‍ഥിയുമായ 21കാരന്‍ നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. അത്യന്തം അപകടകരമായ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി.

ഹെൽമറ്റ് ധരിക്കാതെയായിരുന്നു നടുറോഡില്‍ യുവാവിന്‍റെ അഭ്യാസം.  യുവതിയെ ബൈക്കിന്റെ പുറകില്‍ ഇരുത്തി സീറ്റില്‍ ഒറ്റക്കാലില്‍ നിന്നും തൂങ്ങിക്കിടന്നും  ഇരുന്നുമൊക്കെ മാറി മാറിയായിരുന്നു ബൈക്കോടിച്ചത്. ഈ രംഗങ്ങള്‍ സുഹൃത്തുക്കളാണഅ ചിത്രീകരിച്ചത്.

സ്വന്തമായി ബൈക്ക് ഇല്ലാത്ത നൂർ കഴിഞ്ഞ 10 മാസമായി സുഹൃത്തുക്കളുടെ വാഹനങ്ങളിലാണ് അഭ്യാസം പരിശീലിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ബൈക്കിന്റെ പുറകിവിരുന്ന യുവതി ആരാണെന്ന് തനിക്കറിയില്ലെന്നാണ് യുവാവ് പറയുന്നത്. തന്റെ അഭ്യാസം കണ്ട് ആകൃഷ്ടയായ യുവതി ബൈക്കിന്റെ പുറകില്‍ കയറുകയായിരുന്നവെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. 

റോഡിൽ അപകടമുണ്ടാക്കുന്ന തരത്തില്‍ വണ്ടിയോടിച്ച കുറ്റമാണ് യുവാവിനെതിരെ ചുമത്തിയത്.