ആലപ്പുഴ: പൊലീസിന്‍റെ വാഹന പരിശോധനക്കിടെ പിടികൂടിയ ഓട്ടോറിക്ഷ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെയുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരന് ജീവന്‍ നഷ്‍ടമായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍.  കഴിഞ്ഞ ദിവസം വയലാര്‍ പാലത്തിനു സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. നഗരസഭ മൂന്നാം വാര്‍ഡ് കടവില്‍ നികര്‍ത്തില്‍ പരേതനായ ഷണ്മുഖന്റെ മകന്‍ ശങ്കര്‍(35)ആണ് മരിച്ചത്. അപകടത്തിനുശേഷം ഓട്ടോ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ പൊലീസെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.  ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ ഓട്ടോ ഡ്രൈവര്‍ അവലൂക്കുന്ന് സ്വദേശി മനോജ് മദ്യപിച്ചെന്ന കാരണത്തില്‍ പൊലീസ് ഓട്ടോ പിടിച്ചെടുക്കുകയായിരുന്നു. പരിശോധന സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാൽ മനോജിനെയും കൂടെയുണ്ടായിരുന്നയാളെയും ഓട്ടോയുടെ പിന്നിലിരുത്തി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കളവംകോടം സ്വദേശി എംആര്‍ രജീഷാണ് വാഹനം ഓടിച്ചത്. രജീഷും എഎസ്ഐ കെ. എം ജോസഫും ചേർന്നാണ് ഓട്ടോ പിടിച്ചെടുത്ത്.

വയലാര്‍പാലം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ നടന്നുപോവുകയായിരുന്ന ശങ്കറിനെ പിന്നില്‍ നിന്നും ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കടയുടെ ബോര്‍ഡ് തകര്‍ത്ത് മരത്തില്‍ ഇടിച്ചാണ് ഓട്ടോ നിന്നത്. ഓട്ടോ ഓടിച്ച രജീഷും മറ്റുള്ളവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

പരുക്കേറ്റതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിരുന്ന ശങ്കർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോ ഓടിച്ച പൊലീസ് ഓഫീസർ  രജീഷിനെതിരെ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണമുണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും.  സംഭവത്തില്‍ ദക്ഷിണമേഖലാ ഐജി അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.