റോഡില്‍ സംഭവിക്കുമായിരുന്ന വന്‍ ദുരന്തം ഒഴിവായത് പൊലീസ് ഉദ്യോഗസ്ഥന്റെ മനക്കരുത്തു മൂലം. കണ്ടെയിനർ ലോറിയിലെ ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറിയിൽ ചാടിക്കയറിയ പൊലീസ് ഡ്രൈവര്‍ അതിസാഹസികമായി വാഹനം നിര്‍ത്തുകയായിരുന്നു. കൈ ഉപയോഗിച്ച് ബ്രേക്ക് അമർത്തി ലോറി നിർത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവർ കാട്ടുശ്ശേരി സ്വദേശി വിനോദ് വൻ ദുരന്തം ഒഴിവാക്കിയത്. 

കഴിഞ്ഞ ദിവസം ആലത്തൂർ സ്വാതി ജംക്ഷനിലെ സിഗ്നലിനു സമീപമായിരുന്നു സിനിമാ സ്റ്റൈലിലുള്ള സംഭവം അരങ്ങേറിയത്.  ബെംഗളൂരുവിൽ നിന്നും തൃശൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. വാഹനം സ്വാതി ജംക്ഷനിൽ എത്തിയപ്പോൾ ലോറി ഡ്രൈവർ യുപി സ്വദേശി സന്തോഷ് അപസ്‍മാരം വന്ന് സ്റ്റിയറിംഗ് വീലിലേക്ക് കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. ഈ സമയം മുന്നിൽ നിരവധി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. 
ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവർ വിനോദ് നോക്കിയപ്പോൾ ഡ്രൈവർ സ്റ്റിയറിങ്ങിൽ വീണുകിടക്കുന്നതു കണ്ടു. ഈ സമയം നിയന്ത്രണം നഷ്ടപ്പെട്ട ലോറി സിഗ്നൽ തൂണിനെ ഇടിച്ചു തെറിപ്പിച്ച് സമീപത്തെ ഓട്ടോ സ്റ്റാന്റിന് നേരെ പായുകയായിരുന്നു. ഉടൻ തന്നെ ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് മറ്റൊന്നും ആലോചിക്കാതെ വിനോദ് ചാടിക്കയറുകയായിരുന്നു. 

ഈ സമയം ലോറിയുടെ വരവിൽ പന്തികേടു തോന്നിയ ആലത്തൂർ സ്റ്റേഷനിലെ ഹോംഗാർഡ് ടി പി മോഹൻദാസ് റോഡില്‍ നിന്നിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറി.  അപ്പോഴേക്കും ലോറിയുടെ സ്റ്റിയറിംഗ് നിയന്ത്രണത്തിലാക്കിയ വിനോദ് ബ്രേക്ക് ചെയ്‍ത് വാഹനം നിർത്തി. ഇതിനിടെ ലോറി ഡ്രൈവർ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു. 

തുടര്‍ന്ന് ഡ്രൈവറെ ലോറിയിൽ നിന്നു താഴെയിറക്കി അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാലക്കാട് എ ആർ.ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വിനോദ് ആലത്തൂർ കാട്ടുശ്ശേരി സ്വദേശിയാണ്. വിനോദിനെ അഭിനന്ദിച്ച് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അഭിനന്ദന പ്രവാഹനമാണ് വിനോദിനെ തേടിയെത്തുന്നത്.