ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേന്ദ്രന്റെ പിക്കപ്പ് വാനാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഉത്രയുടെ കുടുംബത്തിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് സുരേന്ദ്രന്‍ ഈ വാഹനം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പിതാവിനു ജോലിയില്ലാത്തതിനാൽ ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകണമെന്നു സൂരജ് നിർബന്ധം പിടിച്ചിരുന്നു. മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കൾ സൂരജിന്റെ പിതാവിന് പിക്കപ്പ് ഓട്ടോറിക്ഷ വാങ്ങി നൽകുകയായിരുന്നു.  മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള വാഹനമാണ് ഇത്. 

കേസില്‍ ഈ വാഹനവും തൊണ്ടിമുതലാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ അടൂരിലെ ജൂവലറിയിലും അന്വേഷണ സംഘം ശനിയാഴ്ച തെളിവെടുപ്പ് നടത്തും. ഇതിനിടെ സൂരജിനെ വീണ്ടും അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച നടന്ന തെളിവെടുപ്പില്‍ സൂരജ് പാമ്പിനെ സൂക്ഷിച്ച ചാക്കുകള്‍ കണ്ടെത്തി. 

ഉത്രയെ വധിക്കാന്‍ പാമ്പിനെ സൂരജ്‌ വീട്ടിൽക്കൊണ്ടുവന്നത്‌ ഉത്രയുടെ കുടുംബം നല്‍കിയ ബൊലേനോ കാറിലായിരുന്നു. ഈ കാര്‍ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.  വിവാഹ സമ്മാനമായി ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ കാറായിരുന്നു ഇത്.  ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ കാര്‍ വിരലടയാള വിദഗ്‌ധർ പരിശോധിച്ചതിനു‌ പിന്നാലെ  അന്വേഷക സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സൂരജിന്റെ ഡ്രൈവിങ്‌ ലൈസൻസ്, കാറിന്റെ  ആർസി ബുക്ക്, ഇൻഷുറൻസ് പേപ്പർ എന്നിവയും കണ്ടെടുത്തിരുന്നു. 

വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൊലേനോ തന്നെ വേണമെന്ന്‌ സൂരജ്‌ വാശിപിടിക്കുകയായിരുന്നു.  അങ്ങനെയാണ് ഉത്രയുടെ പേരില്‍ ബലേനോ കാർ വാങ്ങിക്കൊടുക്കുന്നത്. ഉത്രയ്ക്ക് ഡ്രൈവിംഗ്‌ അറിയാത്തതിനാൽ സൂരജ്‌ തന്നെയാണ്‌ വാഹനം ഉപയോഗിച്ചിരുന്നത്‌. 

കഴിഞ്ഞ ആറിനു രാത്രിയാണ്‌ ഈ ചുവന്ന ബൊലേനോയിൽ പാമ്പിനെ പ്ലാസ്റ്റിക്‌ ജാറിലാക്കി സൂരജ് ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്നത്‌. ഏഴാം തീയ്യതി രാവിലെ ഇതേ  കാറില്‍ തന്നെയാണ്‌ ഉത്രയെ  ആശുപത്രിയിൽ കൊണ്ടുപോയതും. 

അതേസമയം ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും കഴിഞ്ഞദിവസം പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഗൂഡാലോചനയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് പൊലീസ് സംഘം ചോദ്യംചെയ്തത്. സുരേന്ദ്രനെയും സൂരജിനെയും ഇവര്‍ക്കൊപ്പമിരുത്തി ചോദ്യംചെയ്തു. എല്ലാവരും മുമ്പ് നല്‍കിയ മൊഴികളില്‍ ഉറച്ചുനിന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.