വത്തിക്കാന്‍ സിറ്റി: ഉഗാണ്ടയിലെ അനാഥ ബാല്യങ്ങള്‍ക്ക് ചെല്ലും ചെലവുമായി മാറാന്‍ ലേലപ്പുരയിലേക്ക് ഓടാനൊരുങ്ങുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്വന്തം ഹാര്‍ലി ഡേവിഡ്‍സണ്‍ സൂപ്പര്‍ ബൈക്ക്. അടുത്തിടെ തനിക്ക് സമ്മാനമായി ലഭിച്ച ഐക്കണിക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ സൂപ്പര്‍ ബൈക്കാണ് പാപ്പ അനാഥരായ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാനുള്ള ഉപാധിയാക്കുന്നത്.  'ഹോളി ഡേവിഡ്‍സണ്‍' എന്ന പേരിലാണ് വിശ്വാസികള്‍ ഈ ബൈക്കിനെ വിശേഷിപ്പിക്കുന്നത്. 

ഇക്കഴിഞ്ഞ ജൂലൈയില്‍ സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലിയുടെ ഏറ്റവും പുതിയ മോഡലായ പിയര്‍സെന്റ് വൈറ്റ് , ഫ്രാന്‍സിസ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ചത്. ബവേറിയന്‍ ആസ്ഥാനമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ വോര്‍സ്ബര്‍ഗ് വില്ലേജാണ് 'ജീസസ് ബൈക്കേഴ്‌സു'മായി ചേര്‍ന്ന് പാപ്പയ്ക്കുവേണ്ടി ഈ ബൈക്ക് രൂപകല്‍പ്പന ചെയ്‍തത്. മുള്‍കിരീടത്തിന്റെ പകര്‍പ്പും സ്വര്‍ണം പൂശിയ കുരിശുമാണ് ഈ ബൈക്കിന്റെ സവിശേഷത.

എന്നാല്‍ ഈ ബൈക്ക് ലേലം ചെയ്യാനും ഈ ലേലത്തുക ഉപയോഗിച്ച് ഉഗാണ്ടയില്‍ ഒരു ഓര്‍ഫനേജും സ്‌കൂളും നിര്‍മിക്കാനുമാണ് തീരുമാനം. രാജ്യത്തെ അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് ഇവിടെ അഭയം നല്‍കാനുമാണ് പാപ്പയുടെ നിര്‍ദ്ദേശം.  'ബോണ്‍ഹാംസ് ഓട്ടം സ്റ്റാഫോര്‍ടില്‍' ഈ മാസം ബൈക്ക് വില്‍പ്പനക്കു വെക്കും. 55,000 മുതല്‍ 110,000 ഡോളര്‍ വരെ ലേലത്തില്‍ വില ലഭിക്കുമെന്നുമാണ് പ്രതീക്ഷ.

2018ല്‍ പോപ്പ് ഫ്രാൻസിസിനായി ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി  പ്രത്യേകം രൂപകൽപ്പന ചെയ്‍ത് സമ്മാനിച്ച ലംബോർഗ്നി ‘ഹുറാകാൻ’ കൂപ്പെയും ലേലത്തിൽ വിറ്റിരുന്നു. ലേലത്തില്‍ കിട്ടിയ 7.15 ലക്ഷം യൂറോയും (ഏകദേശം 5.76 കോടി രൂപ) വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായിട്ടാണ് പോപ്പ് വീതിച്ചു നൽകിയത്. ഇറാഖിലെ നിനുവെ പ്ലെയിൻ സിറ്റി പുനഃനിർമ്മാണത്തിനായിരുന്നു മുഖ്യമായും ഈ തുക ഉപയോഗിച്ചത്. വീടുകളും പൊതു സ്ഥലങ്ങളും ആരാധനാലയങ്ങളുമൊക്കെ നിർമിച്ച് നല്‍കാനും മനുഷ്യക്കടത്ത് അടക്കമുള്ള അതിക്രമം നേരിട്ട വനിതകളെ സഹായിക്കാനും ഈ തുക ഉപയോഗിച്ചിരുന്നു.