Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു

ഈ മാസം അവസാനത്തോടെ ഐപിഒ (IPO) പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Popular Vehicles post Rs 800 crore IPO
Author
Kochi, First Published Nov 11, 2021, 11:55 PM IST

കൊച്ചി:  രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാരുതി ഡീലര്‍മാരില്‍ ഒന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് (Popular Vehicles) 800 കോടി രൂപ വരുന്ന പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു.  ഈ മാസം അവസാനത്തോടെ ഐപിഒ (IPO) പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
ഇതോടു കൂടി രാജ്യത്തെ വാഹന റീട്ടെയിലര്‍ മേഖലയില്‍ പബ്ലിക് ട്രേഡിങിനു ലഭ്യമായ ഏക കമ്പനിയായിരിക്കും പോപ്പുലര്‍.  പോപ്പുലറിന്‍റെ ഐപിഒ പ്രൊപോസലിന്‍റെ കരടിന് സെബി കഴിഞ്ഞ മാസമാണ് അംഗീകാരം നല്‍കിയത്.  പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ബനിയന്‍ ട്രീ തങ്ങളുടെ മൊത്തം 34.01 ശതമാനം വിഹിതവും ഈ ഐപിഒ വഴി വില്‍പന നടത്തുകയാണ്.

കമ്പനി 150 കോടി രൂപയുടെ രൂപയുടെ ഓഹരികളാണ് വില്‍പനയ്ക്കായി ലഭ്യമാക്കുന്നതെന്ന് പ്രമോട്ടര്‍മാരില്‍ ഒരാളും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നവീന്‍ ഫിലിപ്പ് സൂചിപ്പിച്ചു. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ 15 സര്‍വീസ് സെന്‍ററുകള്‍ കൂടി ആരംഭിക്കുമെന്ന് നവീന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. 

പ്രമോട്ടര്‍മാരായ ജോണ്‍ കെ പോള്‍ (മാനേജിംഗ് ഡയറക്ടര്‍), ഫ്രാന്‍സിസ് കെ പോള്‍ (ഡയറക്ടര്‍), നവീന്‍ ഫിലിപ്പ് എന്നിവര്‍ 65.79 ശതമാനം വിഹിതം കൈവശം വെക്കുന്നതു തുടരും.  കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്‍റെ 34.21 ശതമാനം പൊതുജനങ്ങളുടെ പക്കലായിരിക്കും. 

 ബനിയന്‍ ട്രീ 2015-ല്‍ 34.1 ശതമാനം വിഹിതത്തിനായി പത്തു ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരുന്നു.  ഓട്ടോമൊബൈല്‍ പാര്‍ട്ട്സുകളുടെ മൊത്ത വ്യാപാരികളായി 1939-ലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.  ഐപിഒയ്ക്കു ശേഷം സര്‍വീസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിലെ 28 അടക്കം 37 വില്‍പന കേന്ദ്രങ്ങളുള്ള കമ്പനിക്ക് 83 സര്‍വീസ് സെന്‍ററുകളാണുളളത്.  2021 സാമ്പത്തിക വര്‍ഷം 2,919.25 കോടി രൂപ വരുമാനവും 32.46 കോടി രൂപ അറ്റാദായവുമാണ് കമ്പനി നേടിയത്.
 

Follow Us:
Download App:
  • android
  • ios