ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈക്കന്‍റെ പുതിയ വേരിയന്‍റ് അവതരിപ്പിച്ചു.  ബേസ് വേരിയന്റ് ടൈകന്‍ 4 S ആണ് അവതരിപ്പിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ടൈകന്‍ ടര്‍ബോ, ടൈകന്‍ ടര്‍ബോ എസ് എന്നിവയ്ക്ക് സമാനമായ മൂന്നാമത്തെ ടൈകന്‍ വകഭേദമാണിത്. 

ആദ്യ രണ്ട് മോഡലുകളെക്കാള്‍ വില 4S പതിപ്പിന് കുറവായിരിക്കും. അടുത്ത വര്‍ഷത്തോടെ ടൈകന്‍ ഇലക്ട്രിക് ഇന്ത്യന്‍ വിപണിയിലേക്കുമെത്തും. 79.2kWh , 93.4 kWh ,എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനില്‍ ടൈകന്‍ 4 S ലഭ്യമാകും. യഥാക്രമം 530 എച്ച്പി, 571 എച്ച്പി കരുത്തേകുന്നതാണ് ഇവ. മുന്നിലും പിന്നിലുമായാണ് ഇതിലെ രണ്ട് ഇലക്ട്രിക് മോട്ടോറിന്റ സ്ഥാനം.

800V ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും വാഹനത്തിലുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.0 സെക്കന്‍ഡ് മതി വാഹനത്തിന്. വാഹനത്തിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്. പെര്‍ഫോമെന്‍സ് ബാറ്ററിയില്‍ ഒറ്റചാര്‍ജില്‍ 407 കിലോമീറ്ററും പെര്‍ഫോമെന്‍സ് ബാറ്ററി പ്ലസില്‍ 463 കിലോമീറ്ററും സഞ്ചരിക്കാമെന്നാണ് കമ്പനി പറയുന്നത്. ടെസ്‍ലയുടെ മോഡല്‍ എസ് ഇലക്ട്രിക് കാറാണ് ടൈക്കന്‍റെ മുഖ്യ എതിരാളി.