2021 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ പാദ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യ

2021 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ പാദ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യ. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 52 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഇന്ത്യയില്‍ പോര്‍ഷ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയില്‍ 154 കാറുകളാണ് പോര്‍ഷ വിറ്റത്.

മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഇന്ത്യയില്‍ ഓരോ ആഴ്ച്ചയിലും ശരാശരി ഒരു പനമേര വിറ്റുപോകുന്നതായി കമ്പനി പറയുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, പോര്‍ഷ എസ്‌യുവികളുടെ വില്‍പ്പനയില്‍ 38 ശതമാനം വര്‍ധന നേടാന്‍ കഴിഞ്ഞു. 911, 718 ബോക്‌സ്റ്റര്‍, കെയ്മാന്‍ എന്നീ 2 ഡോര്‍ സ്‌പോര്‍ട്‌സ്‌കാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. 26 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്.

നിലവിലെ വിപണി സാഹചര്യങ്ങളില്‍ പോര്‍ഷ നേടിയ ഈ വില്‍പ്പന വളര്‍ച്ച കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പോര്‍ഷ പദ്ധതി തയ്യാറാക്കിയ വേളയില്‍ പ്രത്യേകിച്ചും. പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പുതുതായി അഞ്ച് സെന്ററുകള്‍ തുറക്കുകയാണ് പോര്‍ഷയുടെ ലക്ഷ്യം. ആകെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍, സാമ്പത്തിക പാദ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വില്‍പ്പനയാണ് പോര്‍ഷ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona