അഹമ്മദാബാദ്: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുച്ച ആഡംബര വാഹനം തിരികെ കിട്ടാന്‍ ഗുജറാത്ത് സ്വദേശിക്ക് അടക്കേണ്ടി വന്നത് രാജ്യത്ത് ഇതുവരെ അടച്ചതില്‍ ഏറ്റവും കൂടിയ പിഴ തുക.  നവംബറിലാണ് പോര്‍ഷെ 911 സ്പോര്‍ട്സ് കാര്‍ കൃത്യമായ രേഖകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. രഞ്ജിത് ദേശായി എന്നയാളാണ് 27.68 ലക്ഷം രൂപ പിഴയൊടുക്കിയത്. 

Image

രാജ്യത്ത് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണ് ഇതെന്ന് അഹമ്മദാബാദ് പൊലീസ് വിശദമാക്കുന്നത്. അഹമ്മദാബാദ് പൊലീസ് ആര്‍ടിഒയില്‍ രഞ്ജിത് ദേശായി അടച്ച പിഴയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. അഹമ്മദാബാദ് പൊലീസ് സ്ഥിരം പരിശോധനയ്ക്കിടയില്‍ മതിയായ രേഖകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് നവംബറില്‍ വാഹനം കസ്റ്റഡിയിലെടുത്തത്. നവംബര്‍ 28 ന് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വാഹനത്തിന് നമ്പര്‍ പ്ലേറ്റുമുണ്ടായിരുന്നില്ല. 

ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടികളോ രേഖകളോ ഇല്ലാതിരുന്നതിനാല്‍ വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആര്‍ടിഒയില്‍ പിഴയൊടുക്കി പൊലീസ് സ്റ്റേഷനില്‍ എത്തി വാഹനം എടുക്കാനുള്ള നിര്‍ദേശവും ഡ്രൈവര്‍ക്ക് നല്‍കി. തുടക്കത്തില്‍ 9.8 ലക്ഷം രൂപയായിരുന്നു പിഴ തുകയായി നിശ്ചയിച്ചത്. എന്നാല്‍ പിഴ തുക അടയ്ക്കാനായി ആര്‍ടി ഓഫീസില്‍ എത്തിയപ്പോള്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ പിഴ തുത 27.68 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.