ഇപ്പോഴിതാ ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 

ജര്‍മ്മന്‍ (German) ആഡംബര സ്പോർട്‍സ് കാർ നിർമാതാക്കളായ പോർഷയുടെ (Porsche) ആദ്യ ആഡംബര ഇലക്ട്രിക്ക് കാറാണ് ടെയ്‍കാന്‍. ഇപ്പോഴിതാ ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നവംബര്‍ 12ന് ടെയ്‍കാൻ ഇന്ത്യൻ വിപണിയില്‍ എത്തും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടർബോ, ടർബോ എസ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ പോർഷ ടെയ്‍കാൻ ഇന്ത്യയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെയ്‌കാൻ ടർബോയ്‌ക്ക് 2.0 കോടി രൂപയിൽ നിന്ന് വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടർബോ എസ്-ന് 2.50 കോടി രൂപയോളം ആയിരിക്കും എക്‌സ്-ഷോറൂം വില എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഫോക്സ്‌വാഗൺ ഗ്രൂപ്പിനായി പോർഷ തയ്യാറാക്കിയ J1 എന്ന EV പ്ലാറ്റ്‌ഫോമിലാണ് കാർ നിർമ്മിച്ചിരിക്കുന്നത്. രണ്ട് പതിപ്പുകൾക്കും രണ്ടു ഇലക്ട്രിക് മോട്ടോറുകളാണ്. രണ്ട് ആക്‌സിലുകളിലായി ക്രമീകരിച്ചിരിക്കുന്ന ഈ ഇലക്ട്രിക്ക് മോട്ടോറുകൾക്ക് 93.4 kWh ബാറ്ററി പായ്ക്കിൽ നിന്നാണ് പവർ ലഭിക്കുന്നത്. ടർബോ പതിപ്പിൽ ഇലക്ട്രിക്ക് എൻജിനുകൾ 625 പിഎസ് പവർ സൃഷ്‍ടിക്കും. ഓവർബൂസ്റ്റ് ഫംഗ്ഷൻ ഇത് 680 പിഎസ് വരെയായി വർധിപ്പിക്കും. 850 എൻഎം ആണ് ടോർക്ക്. 3.2 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ടെയ്കാൻ ടർബോ പതിപ്പിന് കഴിയും.

ടർബോ എസ് പതിപ്പിൽ ഓവർബൂസ്റ്റ് അടക്കം 761 പിഎസ് പവറും 1,050 എൻഎം ടോർക്കുമുണ്ടാക്കും. 2.8 സെക്കന്റ് മതി മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ. രണ്ട് കാറുകൾക്കും മണിക്കൂറിൽ 280 കിലോമീറ്റർ ആണ് ടോപ് സ്പീഡ്. ടർബോ പതിപ്പിന് 450 കിലോമീറ്ററും ടർബോ എസ്-ന് 412 കിലോമീറ്ററുമാണ് സാക്ഷ്യപ്പെടുത്തിയ റേഞ്ച്. ഡിസി ഫാസ്റ്റ് ചാർജർ വഴി അഞ്ച് മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് നേടാൻ പോർഷ ടെയ്കാൻ ഇലക്ട്രിക്ക് സ്പോർട്സ് കാറിന് സാധിക്കും. അഞ്ച് മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 22.5 മിനിറ്റ് എടുക്കും. ഇത് കൂടാതെ 11 kWh എസി ചാർജർ വഴി ടെയ്‌കാൻ വീട്ടിലും ചാർജ് ചെയ്യാം.

മറ്റുള്ള പോർഷ കാറുകൾക്ക് സമാനമായ പരിചിതമായ പോർഷ ഡിസൈൻ അല്‍പ്പം മോഡേൺ ടച്ചോടെയാണ് ടെയ്‍കാ കാറിൽ ഇടംപിടിച്ചിരിക്കുന്നത്. 16.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മുഴുവൻ ലേഔട്ടിലും നീല നിറത്തിലുള്ള തീം എന്നിവയാണ് ഇന്റീരിയറിലെ ആകർഷണങ്ങൾ. പിന്നിൽ 366 ലിറ്ററും മുൻവശത്ത് 81 ലിറ്ററുമാണ് ബൂട്ട് സ്പേസ്. ടെയ്‍കാനിലെ നാല് സീറ്റുകളും പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് പോർഷ അവകാശപ്പെടുന്നത്.