രാജ്യത്തെ വാഹനവിപണിയില്‍ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി 2020 സെപ്‍റ്റംബര്‍ മാസം. മാരുതി ബലേനോ, ഹ്യുണ്ടായ് ഐ 20, ടാറ്റ അള്‍ട്രോസ് എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എന്നും 49.64 ശതമാനമാണ് വളര്‍ച്ചയെന്നും ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാച്ച്ബാക്കുകളുടെ ആവശ്യം ഇന്ത്യൻ വിപണിയിൽ ക്രമാനുഗതമായി വളരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷത്തെ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനത്തിനടുത്ത് വളര്‍ച്ചയെന്നത് നിസാരകാര്യമല്ല. 

ബലേനോയുടെ 19,433 യൂണിറ്റുകള്‍ മാരുതി ചില്ലറ വിൽപ്പന നടത്തി എന്നാണ് കണക്കുകള്‍.  2019 സെപ്റ്റംബറിൽ, കമ്പനി 11,420 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയിരുന്നത്. അതായത് 70.17 ശതമാനം വളർച്ച. 

9,852 യൂണിറ്റുകൾ വിറ്റ ഹ്യുണ്ടായ് എലൈറ്റ് ഐ 20 ആണ് രണ്ടാം സ്ഥാനത്ത്.  മൊത്തം 5,952 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയ ടാറ്റ അള്‍ട്രോസിന് മൂന്നാം സ്ഥാനം നേടാനായി. ടൊയോട്ട ഗ്ലാൻസ കഴിഞ്ഞ മാസം മൊത്തം 2,272 യൂണിറ്റുകൾ വിറ്റെന്നാണ് കണക്കുകള്‍. പോളോ, ഹോണ്ട ജാസ് തുടങ്ങിയവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

എന്നാല്‍ വിപണിയിലെ വളര്‍ച്ചാനിരക്ക് പരിശോധിക്കുമ്പോള്‍ മാരുതിയും ടാറ്റയും ഹോണ്ടയും മാത്രമാണ് മികച്ചു നിന്നതെന്നും ശ്രദ്ധേയമാണ്. 2019നെ അപക്ഷിച്ച് ഹ്യുണ്ടായി ഉള്‍പ്പെടയുള്ളവരുടെ വില്‍പ്പന ഇടിഞ്ഞു. എന്നാല്‍ അള്‍ട്രോസുമായി പ്രീമിയം സെഗ്‍മെന്‍റിലേക്ക് ഈ വര്‍ഷം എത്തിയ ടാറ്റ മികച്ച പ്രകടനം കാഴ്‍ചവച്ചു.