2020 നവംബറിൽ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. മാരുതി സുസുക്കി ബലേനോ തന്നെയാണ് സെഗ്മെന്‍റിലെ രാജാവ് എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് എന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബലേനോ ഉള്‍പ്പെടെ സെഗ്മെന്‍റിലെ മുന്‍നിരക്കാര്‍ക്കെല്ലാം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന ഇടിവ് നേരിട്ടപ്പോള്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി വാഹനലോകത്തെ അമ്പരപ്പിച്ചു. 

നവംബറില്‍ 17,872 യൂണിറ്റുകളുടെ വിൽപ്പന ബലേനോ നേടി.  എന്നാല്‍ വാർഷിക താരതമ്യത്തിൽ മോഡലിന് നേരിയ ഇടിവ് നേരിട്ടു. 2019 നവംബറില്‍ 18,047 യൂണിറ്റ് ബലേനോകളായിരുന്നു വിറ്റത്.  പ്രീമിയം ഹാച്ച്ബാക്ക്  സെഗ്മെന്‍റില്‍ മൊത്തം 38,553 യൂണിറ്റ് വിൽപ്പനയാണ് 2020 നംബറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 33,481 യൂണിറ്റിനെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയാണ് സെഗ്മെന്റ് നേടിയിരിക്കുന്നത്. 

ണ്ടാം സ്ഥാനത്തുള്ളത് ഹ്യുണ്ടായി i20 ആണ്. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പുതിയ തലമുറ i20 പ്രീമിയം ഹാച്ച്ബാക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2020 നവംബർ മാസത്തിൽ i20 ഹാച്ച്ബാക്ക് 9,096 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. എന്നാല്‍ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,446 യൂണിറ്റിൽ നിന്ന് 13 ശതമാനം ഇടിവാണ് മോഡൽ നേരിട്ടത്. മൂന്നാം സ്ഥാനത്ത് ടാറ്റ അൾട്രോസാണ്. ടാറ്റ മോട്ടോർസിൽ നിന്നുള്ള ഈ പ്രീമിയം ഹാച്ച്ബാക്ക് 6,260 യൂണിറ്റുകളാണ് വിറ്റത്. മാരുതി ബലേനോയുടെ ടൊയോട്ട പതിപ്പായ ഗ്ലാൻസ കഴിഞ്ഞ മാസം 2,428 യൂണിറ്റുകള്‍ വിറ്റു. 2019 നവംബർ മുതൽ 2,313 യൂണിറ്റിലെ വാർഷിക വിൽപ്പനയോടെ താരതമ്യപ്പെടുത്തുമ്പോൾ ഇത് ഇപ്പോഴും 5.0 ശതമാനം വളർച്ചയാണ്. 

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡിന്‍റെ ഫ്രീസ്റ്റൈൽ ആണ് സെഗ്മെന്റില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്‍ചവച്ചത്. 2020 നവംബറിൽ 79 ശതമാനം വില്‍പ്പന വളർച്ച സ്വന്തമാക്കിയാണ് ഫ്രീസ്റ്റൈല്‍ ഫോര്‍ഡിനെയും വാഹനലോകത്തെയും അമ്പരപ്പിച്ചത്. 2019 നവംബറിൽ 632 യൂണിറ്റായിരുന്ന ഫോർഡ് ഫ്രീസ്റ്റൈലിന്റെ വിൽപ്പന കഴിഞ്ഞ മാസം 1,134 യൂണിറ്റായിട്ടാണ് കുതിച്ചുയര്‍ന്നത്. വാഹനലോകത്തെ മാറുന്ന ട്രെന്‍ഡുകളുടെ സൂചനയാണ് ഈ വളര്‍ച്ചയെന്നാണ് വിലയിരുത്തലുകള്‍. 

പട്ടികയിലെ അവസാന സ്ഥാനങ്ങളില്‍ ഫോക്സ്‌വാഗൺ പോളോയും ഹോണ്ട ജാസുമാണ് . ഫോക്‌സ്‌വാഗൺ പോളോ 1,130 യൂണിറ്റ് വിൽപ്പനയുമായി 34 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഹോണ്ട ജാസ് 664 യൂണിറ്റ് വിൽപ്പനയാണ് 2020 നവംബർ മാസത്തിൽ രേഖപ്പെടുത്തിയത്.