ടെസ്‌ല ഈ വർഷം ഏപ്രിലിൽ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധ്യത. 21 ലക്ഷം രൂപയിൽ താഴെ വിലയിൽ ഇലക്ട്രിക് കാർ പുറത്തിറക്കാൻ പദ്ധതി. ഇത് മറ്റ് ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് ആശങ്കയുണ്ടാക്കുന്നു.

മേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വർഷം 2024 ഏപ്രിലിൽ ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം ഉണ്ടാകുമെന്ന് ഒരു പുതിയ റിപ്പോർട്ട് പറയുന്നു. ടെസ്‌ല ഇന്ത്യയിലേക്ക് വന്നാലും കാറുകളുടെ വില കോടിക്കണക്കിന് രൂപയാകുമെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടലുകൾ. പക്ഷേ അങ്ങനെയല്ല, താങ്ങാനാവുന്ന വിലയിൽ ഒരു ഇലക്ട്രിക് കാർ ഇന്ത്യയിൽ പുറത്തിറക്കാൻ ടെസ്‌ല പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 21 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് കമ്പനിക്ക് ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ കഴിയും എന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്‌ല സിഇഒ എലോൺ മസ്‌കും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുമെന്ന ശക്തമായ ഊഹാപോഹങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

ഇന്ത്യയിൽ ടെസ്‌ല കാറിന്റെ വില എത്രയായിരിക്കും?
2024 ഏപ്രിലിൽ ടെസ്‌ല ഇന്ത്യയിൽ പ്രവേശിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ബെർലിനിലെ പ്ലാന്റിൽ നിന്ന് ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കുന്നതിനെക്കുറിച്ച് ടെസ്‌ല ആലോചിക്കുന്നു. 25,000 ഡോളറിൽ താഴെ (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള ഇലക്ട്രിക് വാഹനങ്ങളാണ് ടെസ്‌ലയും മസ്‌കും ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് എന്നാണ് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. ടെസ്‌ലയ്ക്ക് തുടക്കത്തിൽ ഇന്ത്യയിലെ ബെർലിൻ ഗിഗാഫാക്ടറിയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ കഴിയും. ടെസ്‌ലയുടെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ വില ഏകദേശം ₹ 21 ലക്ഷം (($ 25,000) ആയിരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ വർഷം ഏപ്രിൽ മാസത്തിൽ തന്നെ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ തുടങ്ങാൻ ഇവി നിർമ്മാതാവ് പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.

ബിസിഡി 100 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കുറച്ചു
ഇന്ത്യയിൽ ആദ്യം തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ ശ്രമിക്കുമെന്നും അതിന്റെ വിജയത്തെ അടിസ്ഥാനമാക്കി ഒരു പ്രാദേശിക നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും ടെസ്‌ല നേരത്തെ പറഞ്ഞിരുന്നു. നിരവധി സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ ടെസ്‌ലയ്ക്ക് അവരുടെ സൗകര്യം സ്ഥാപിക്കുന്നതിനായി ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ദില്ലിയിലെ എയ്‌റോസിറ്റിയിലും മുംബൈയിലെ ബികെസിയിലും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഷോറൂമുകൾക്കുള്ള സ്ഥലങ്ങൾ ടെസ്‌ല അന്തിമമാക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതോടൊപ്പം, കമ്പനി ജോലികൾക്കായുള്ള പരസ്യം ചെയ്യലും ആരംഭിച്ചു കഴിഞ്ഞു. സ്റ്റോർ മാനേജർ, സർവീസ് ടെക്നീഷ്യൻ, സർവീസ് അഡ്വൈസർ തുടങ്ങിയ ജോബ് പ്രൊഫൈലുകളിലേക്കാണ് പരസ്യം. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ, 40,000 രൂപയിൽ കൂടുതൽ വിലയുള്ള ഇറക്കുമതി ചെയ്യുന്ന കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) 100 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കുറച്ചു. ഇതിനർത്ഥം 40,000 ഡോളർ വരെ വിലയുള്ള കാറുകളിൽ ഫലപ്രദമായ അടിസ്ഥാന കസ്റ്റംസ് തീരുവ 70 ശതമാനം വരെ മാത്രമാണെന്നാണ്.

ചങ്കിടിച്ച് കമ്പനികൾ
അതേസമയം പുതിയ വാർത്തകളിൽ ഞെട്ടിയിരിക്കുകയാണ് ഇന്ത്യയിലെ വിവിധ ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കൾ. ഇതുവരെ മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര ഇവി ഇലക്ട്രിക്ക് വാഹന വിപണിയെ പിടിച്ചുകുലുക്കുമെന്ന് പലർക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മസ്‍കിന്റെ ടെസ്‌ല എല്ലാ കമ്പനികളുടെയും ഹൃദയമിടിപ്പ് കൂട്ടിയിരിക്കുന്നു. മാരുതിയുടെ ഇ വിറ്റാരയ്ക്ക് 20 മുതൽ 25 ലക്ഷം രൂപ വരെ വിലവരും എന്നാണ് റിപ്പോർട്ടുകൾ. ഇതേ ബജറ്റിൽ ടെസ്‌ലയുടെ കാർ ലഭ്യമാണെങ്കിൽ, മറ്റ് കമ്പനികളുടെ അവസ്ഥ പരുങ്ങലിലാകും എന്ന കാര്യം ഉറപ്പാണ്.