ഡയാന രാജകുമാരിക്ക് ചാള്‍സ് രാജകുമാരന്‍ വിവാഹ നിശ്‍ചയ വേളയില്‍ സമ്മാനമായി നല്‍കിയ കാര്‍ ലേലത്തിന്. ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ 40 വര്‍ഷത്തോളം പഴക്കമുള്ള എസ്‍കോര്‍ട്ടാണ് ലേലത്തിന് എത്തുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

1981 മെയ് മാസത്തില്‍ വിവാഹനിശ്ചയ വേളയിലാണ് ചാള്‍സ് ഈ എസ്‍കോര്‍ട്ട് കാര്‍ ഡയാനയ്ക്ക് സമ്മാനിച്ചത്. അക്കാലത്തെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു ഫോര്‍ഡ് എസ്‌കോര്‍ട്ട്. ഡയാന രാജകുമാരി ഉപയോഗിച്ച ശേഷം ഈ വാഹനം മറ്റൊരാള്‍ക്ക് വിറ്റിരുന്നു.  

ഡയാന രാജകുമാരിയുടെ ആരാധകനായ ഒരു വ്യക്തിയാണ് പിന്നീട് ഈ വാഹനം അവരില്‍നിന്ന് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഈ വാഹനം ശ്രദ്ധയോടെയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും മികച്ച പരിചരണം ഉറപ്പാക്കിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിലെ പുരാവസ്‍തു വില്‍പ്പനക്കാരായ റീമാന്‍ ഡാന്‍സി റോയല്‍റ്റി എന്ന സ്ഥാപനമാണ് ഈ വാഹനം ലേലത്തിനെത്തിക്കുന്നത്. 

വാഹനത്തിലെ ഫീച്ചറുകള്‍ പോലും മാറ്റം വരുത്താതെ സൂക്ഷിച്ചിട്ടുണ്ട്. ഐതിഹാസിക രൂപവും ഫീച്ചറുകളും നിലനിര്‍ത്തിയാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ യഥാർത്ഥ രജിസ്ട്രേഷൻ നിലവിലുണ്ട്. യഥാർത്ഥ പെയിന്റ് വർക്കും അപ്ഹോൾസ്റ്ററിയും നിലനിർത്തിയിരിക്കുന്നു. 83000 മൈലുകള്‍ വാഹനം ഇതുവരെ പിന്നിട്ടതായി  സ്‍പീഡോ മീറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ലേല ഉടമകള്‍ പറയുന്നത്. വാഹനത്തിന്റെ ഹിസ്റ്ററി ഫയൽ, രജിസ്ട്രേഷൻ നമ്പർ, കാറിലെ ഡയാന രാജകുമാരിയുടെ നിരവധി ഫോട്ടോകൾ എന്നിവയിൽ നിന്ന് തെളിവ് സ്ഥിരീകരിച്ചതായും ലേല ശാല വക്താവ് പറഞ്ഞു. ഏകദേശം 30,000 (30.88 ലക്ഷം രൂപ) മുതല്‍ 40,000 (41.16 ലക്ഷം രൂപ) ബ്രിട്ടീഷ് പൗണ്ട് വരെയാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. ജൂണ്‍ 29-ന് ഈ ഫോര്‍ഡ് എസ്‌കോര്‍ട്ടിന്‍റെ ലേലം നടക്കും.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് 1968 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ യൂറോപ്യന്‍ വിപണികളില്‍ എത്തിച്ചിട്ടുള്ള സെഡാന്‍ വാഹനമാണ് ഫോര്‍ഡ് എസ്‌കോര്‍ട്ട്. 1980-90 കാലഘട്ടത്തില്‍ യൂറോപ്യന്‍ നിരത്തുകളിലെ ബെസ്റ്റ് സെല്ലിങ്ങ് കാറായിരുന്നു എസ്‍കോര്‍ട്ട്. ഒരിക്കല്‍ ഇന്ത്യന്‍ നിരത്തിലും എത്തിയിരുന്നു ഫോര്‍ഡ് എസ്‍കോര്‍ട്ട്. 1995 -ൽ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടിലാണ് എസ്കോർട്ടിനെ ഫോര്‍ഡ് ഇന്ത്യയില്‍ എത്തിച്ചത്. 1.3 ലിറ്റർ പെട്രോൾ എഞ്ചിനാണ് കാറിൽ ഉപയോഗിച്ചിരുന്നത്. മൈലേജ് കുറവായതുകൊണ്ടു തന്നെ ഇന്ത്യൻ ഉപഭോക്താക്കൾ നിരാശരായിരുന്നു. അങ്ങനെ വിൽപ്പന കുറവായതിനാൽ 2001 -ൽ മോഡൽ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ആഗോളവിപണിയില്‍ നിന്ന് 2000-ത്തില്‍ തന്നെ നിരത്തൊഴിഞ്ഞ ഈ കാറിനെ ഫോക്കസ് എന്ന പേരില്‍ 2014-ല്‍ ഫോര്‍ഡ് ചൈനയില്‍ അവതരിപ്പിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona