കോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സര ഓട്ടം കാരണം പലപ്പോഴും നിരവധി ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്.  എന്നിട്ടും ഈ മത്സര ഓട്ടം കാരണം പൊലീസ് ജീപ്പിനു പോലും രക്ഷയില്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട് നിന്നും വരുന്ന വാര്‍ത്തകള്‍. 

മത്സരയോട്ടത്തിനിടെ തിരക്കേറിയ ദേശീയപാതയില്‍ വച്ച് പൊലീസ് ജീപ്പിനെ 'പേടിപ്പിച്ച' ബസ് ജീവനക്കാര്‍ ഇത് ചോദ്യം ചെയ്‍ത ഡിവൈഎസ്‍പിയെപ്പോലും വെറുതെവിട്ടില്ലെന്നതാണ് ഞെട്ടിപ്പിക്കുന്നത്. 

ബുധനാഴ്ച രാവിലെ ചേമഞ്ചേരിയിലാണ് സംഭവം. താമരശ്ശേരി ഡിവൈഎസ്‍പി കെ.പി അബ്ദുള്‍ റസാക്കാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പെട്ടത്.  ഡിവൈഎസ്‍പി സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം വടകരയിലേക്ക് പോവുകയായിരുന്നു. വണ്ടി തിരുവങ്ങൂരിലെത്തിയപ്പോള്‍ മുതല്‍ പിന്നില്‍ അതിവേഗത്തില്‍ വന്ന സ്വകാര്യ ബസ് തുടര്‍ച്ചയായി ഹോണടിച്ചും ഡോറിലടിച്ചും പോലീസ് ജീപ്പിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

എന്നാല്‍ എതിര്‍ ഭാഗത്തും മുന്നിലും നിരവധി വാഹനങ്ങള്‍ നിരനിരയായി വരുന്നതിനാല്‍ ബസിനു വഴികൊടുക്കാന്‍ പൊലീസ് ഡ്രൈവര്‍ക്ക് സാധിച്ചില്ല. എന്നിട്ടും ബസ് ഹോണടിച്ചും ചേര്‍ത്തെടുത്തു കൊണ്ടുമിരുന്നു. ശല്യം അതിരുവിട്ടപ്പോള്‍ ചെങ്ങോട്ടുകാവ് ടൗണില്‍വച്ച് പോലീസ് വാഹനം റോഡിന് മധ്യത്തില്‍ നിര്‍ത്തി ബസ് തടഞ്ഞിട്ടു. 

ഇതോടെ ബസ് ഡ്രൈവറും കണ്ടക്ടറും ബസില്‍നിന്ന് ഇറങ്ങിവന്നു ഡിവൈഎസ്‍പിയോട് തട്ടിക്കയറി. ഡിവൈഎസ്‍പി മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു ഇവര്‍ അസഭ്യം പറഞ്ഞത്. ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി. എന്നാല്‍ ബസ് ജീവനക്കാര്‍ പറയുന്നത് കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെ ജനം ബസുകാര്‍ക്കെതിരേ തിരിഞ്ഞു. 

അതിനിടെ കൊയിലാണ്ടിയില്‍നിന്ന് ഹൈവേ പോലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പിയുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.  ഡിവൈ.എസ്.പിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.