ഓരോദിവസവും റോഡപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അപ്പോഴും നമ്മുടെ ഡ്രൈവര്‍മാരുടെ താന്‍പോരിമയ്ക്കും അശ്രദ്ധയ്ക്കും അക്ഷമയ്ക്കുമൊന്നും ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ.

കെഎസ്ആര്‍ടിസി ബസിനെ ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്യുന്ന സ്വകര്യ ബസിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. കഴിഞ്ഞ ദിവസം മലപ്പുറം പുത്തനത്താണിയിലായിരുന്നു സംഭവം. പുത്തനത്താണിയിലെ പെട്രോൾപമ്പിന് മുന്നില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മുന്നിലെ കെ.എസ്.ആർ.ടി.സിയെ മറികടക്കാൻ ഇടതുവശത്തിലൂടെ വെട്ടിച്ച്  കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. സ്വകാര്യ ബസിന്‍റെ വാതിലുകള്‍ തുറന്നിട്ട നിലയിലാരുന്നുവെന്നതും ഞെട്ടിക്കുന്നതാണ്. 

തൃശൂർ - കോഴിക്കോട് ദീർഘദൂര ബസുകൾ  വാഹനങ്ങളെ മറികടക്കാൻ ഈ പമ്പിനുള്ളിലൂടെ കയറിയിറങ്ങിപ്പോയ സംഭവങ്ങള്‍ വരെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വീഡിയോ അപ് ലോഡ് ചെയ്‍തിരക്കുന്നതെന്നതും ശ്രദ്ധേയം. 

ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.  വലതുവശം
മുന്നിലെ വാഹനത്തിന്‍റെ വലതുവശത്തുകൂടിയല്ലാതെ ഓവര്‍ടേക്ക് ചെയ്യരുത്. മാത്രമല്ല മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാതെ വേണം മറികടക്കാന്‍

2.  റോഡ് കാണാന്‍ കഴിയണം
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനു മുമ്പ് സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാമെന്ന് ഉറപ്പാക്കണം

3. വളവുകളില്‍ അരുതേയരുത്
വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് ഒരിക്കലും പാടില്ല

4. പിന്നിലെ വാഹനങ്ങള്‍
പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം

5. എതിര്‍ദിശയിലെ വാഹനങ്ങള്‍
എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. 

6. കണക്കുകൂട്ടല്‍ പിഴച്ചാല്‍
ഓവര്‍ടേക്കിങ് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്. അമിതമായ ആത്മവിശ്വാസം വേണ്ടേ വേണ്ട. കാരണം കണക്കുകൂട്ടല്‍ അല്‍പമൊന്നു പിഴച്ചാല്‍ മതി വന്‍ ദുരന്തം സംഭവിക്കാന്‍.