Asianet News MalayalamAsianet News Malayalam

ബസുകളുടെ നികുതി പൂര്‍ണമായും ഒഴിവാക്കി, മറ്റു വാഹനങ്ങള്‍ക്കും 'സാന്ത്വന സ്‍പര്‍ശം'!

കൊവിഡും ഇന്ധന വില നിരന്തരം ഉയരുന്നതും മൂലം ദുരിതത്തിലായ വാഹന ഉടമകൾക്ക് ആശ്വാസകരമാകും നടപടിയെന്ന് സര്‍ക്കാര്‍

Private Bus Tax Cut By Kerala Government
Author
Trivandrum, First Published Feb 18, 2021, 11:10 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ നികുതിയാണ് ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു.  ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദീർഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതിത്തുക തവണകളായി അടയ്ക്കാനും വാഹന ഉടമകൾക്ക്‌ അനുവാദം നൽകി.  ആറുമാസം മുതൽ ഒരുവർഷം വരെയുള്ള കുടിശ്ശിക  -മാർച്ച് 20 മുതൽ ആറ് പ്രതിമാസ തവണയായും ഒരുവർഷം മുതൽ രണ്ടുവർഷം വരെയുള്ള കുടിശ്ശിക- എട്ട് പ്രതിമാസ തവണയായും അടയ്‌ക്കാം. രണ്ടുവർഷം മുതൽ നാലുവർഷം വരെയുള്ള കുടിശ്ശിക പത്ത് പ്രതിമാസ തവണയായും അടയ്‌ക്കാം‌വുന്നതാണ്. 

നാലുവർഷത്തിൽ കൂടുതൽ കുടിശിക വരുത്തിയ വാഹന ഉടമകൾക്ക് 30 ശതമാനം മുതൽ 40 ശതമാനം വരെ  ഇളവോടെ തുക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നേരിടുന്നവർ, വാഹനം നഷ്ടപ്പെട്ടവർ, വാഹനം പൊളിച്ചവർ എന്നിവർക്കും പദ്ധതി പ്രകാരം ഇളവുകളോടെ കുടിശിക അടയ്‌ക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന സർക്കാരിന്റെ "സാന്ത്വന സ്പർശം' അദാലത്തിൽ പങ്കെടുത്ത നിരവധി ആളുകൾ വാഹന നികുതി കുടിശ്ശിക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടിരുന്നു.  കൊവിഡും ഇന്ധന വില നിരന്തരം ഉയരുന്നതും മൂലം ദുരിതത്തിലായ വാഹന ഉടമകൾക്ക് ആശ്വാസകരമാകും നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 
 

Follow Us:
Download App:
  • android
  • ios