തിരുവനന്തപുരം: ‘കെഎസ്ആർടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതു പോലെ ഹോണടിച്ചാൽ നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയില്ല'. നമ്പർ പ്ലേറ്റിനു ചുവട്ടില്‍ ഇങ്ങനെയൊരു കുറിപ്പെഴുതിയ കാര്‍ ഇപ്പോള്‍ നിരത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. കരുനാഗപ്പള്ളി സ്വദേശിയായ ബിജിൽ എസ് മണ്ണേല്‍ എന്ന യുവാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റും കാറും കാണുന്നവരുടെ കണ്ണുകളെ ഒരേസമയം നനയിക്കും പിന്നെ പ്രതിഷേധാഗ്നിയെ ജ്വലിപ്പിക്കും. 

നവംബര്‍ 11 ന് രാത്രി ദേശീയപാതയിൽ നങ്ങ്യാർകുളങ്ങരയ്ക്കു സമ‍ീപമാണ് ചീറിപ്പാഞ്ഞെത്തിയ ഒരു കെഎസ്ആര്‍ടിസി ബസ് നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവനെടുക്കുന്നത്. ബിജിലിന്റെ പിതാവിന്റെ അനുജൻ നജീബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഇടിച്ചു കയറുകയായിരുന്നു. എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നായിരുന്നു ബസ് മരണവുമായെത്തിയത്. അപകടത്തിൽ നജീബിന്റെ മകൾ ഫാത്തിമ (20) മരിച്ചു. ഫാത്തിമയുടെ സഹോദരൻ മുഹമ്മദ് അലിയുടെ വലതു കൈയും നഷ്ടമായി. അലിയാണ് വാഹനം ഓടിച്ചിരുന്നത്. കാറിലിടിച്ച ബസ് 300 മീറ്റര്‍ മാറിയാണ് നിര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിയോടുകയും ചെയ്തിരുന്നു.

അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇയാള്‍ക്ക് സ്റ്റേഷൻ ജാമ്യവും ലഭിച്ചു. പിന്നീട് രണ്ടു തവണ തന്റെ വാഹനത്തിനു നേരെ കെഎസ്ആർടിസി ബസ് തെറ്റായ ദിശയിൽ വന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജിൽ പങ്കുവച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളുടെ അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കേണ്ടവർ നടപടിയെടുക്ക‍ുകയും മരിച്ച പെങ്ങൾക്കു നീതി ലഭിക്കുകയും ചെയ്യുന്നതുവരെ കെഎസ്ആർടിസിക്കെതിരായ പ്രതിഷേധം തുടരുമെന്നുമാണ് ബിജില്‍ പറയുന്നത്. 

ജസ്റ്റിസ് ഫോര്‍ ഫാത്തിമ നജീബ് മണ്ണേല്‍ എന്ന ഹാഷ് ടാഗിലാണ് ബിജിലിന്‍റെ പോസ്റ്റ്. കെഎസ്ആര്‍ടിസി എന്റെ സഹോദരിയെ കൊന്നു. കഴുത മോങ്ങുന്നതുപോലെ ഹോണടിച്ചാല്‍ നിങ്ങള്‍ക്ക്‌ എന്നെ മറികടക്കാന്‍ കഴിയില്ല എന്നാണ് വാഹനത്തിന്റെ പിന്നില്‍ എഴുതിയിരിക്കുന്നത്. ഇതെന്റെ പ്രതിഷേധമാണ്! കെഎസ്ആര്‍ടിസി ബസിന്റെ ഇന്നും തുടരുന്ന നരനായാട്ട് അവസാനിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത എല്ലാ ഏമാന്മാരോടും. ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത കെഎസ്ആര്‍ടിസിയോട്, ഓരോ അധികാരികളോടും, യൂണിയന്‍ നേതാക്കളോടും, ഗവണ്‍മെന്റിനോടും, ഗതാഗത മന്ത്രിയോടും, എല്ലാ വകുപ്പ് മേലാളന്മാരോടും, എത്ര അനുഭവം ഉണ്ടായാലും പ്രതികരിക്കാത്ത ജനങ്ങളോട്... എന്റെ പെങ്ങള്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്നതൊക്കെയും ഞാന്‍ ചെയ്യും... ഇതാണ് ഫെയ്‌സ്ബുക്കിലെ കുറിപ്പ്.