ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍നിന്ന് 15000 കോടിയുടെ വാഹന പാര്‍ട്സുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 

ദില്ലി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍നിന്ന് 15000 കോടിയുടെ വാഹന പാര്‍ട്സുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. എന്‍ജിനുകള്‍, ഗിയര്‍ബോക്‌സുകള്‍, ഷാസി ഘടകങ്ങള്‍, മെക്കാനിക്കല്‍ & ഇലക്ട്രോണിക് പാര്‍ട്‍സുകള്‍ ഉല്‍പ്പെടെയുള്ളവ വാങ്ങാനാണ് നീക്കം. അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ യൂറോയുടെ (15,000 കോടി ഇന്ത്യന്‍ രൂപ) വാഹന ഘടകങ്ങള്‍ കമ്പനി വാങ്ങിയേക്കും. 

ആഗോളതലത്തില്‍ 42 ബില്യണ്‍ യൂറോയുടെ വാഹന ഘടകങ്ങള്‍ പിഎസ്എ വാങ്ങുന്നുണ്ട്. ഇതിന്റെ അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനമെങ്കിലും ഇന്ത്യയില്‍നിന്ന് സംഭരിക്കാനാണ് പിഎസ്എ ഗ്രൂപ്പിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട ഘടകങ്ങളും ഇന്ത്യയില്‍നിന്ന് വാങ്ങുന്നത് പരിഗണിക്കും. 

ഇന്ത്യയിലെ 250 ലധികം വാഹനഘടക വിതരണ കമ്പനികളുമായി പിഎസ്എ ഗ്രൂപ്പ് ബിസിനസ് സാധ്യതകള്‍ പങ്കുവെച്ചിട്ടുണ്ട്. ചെന്നൈയില്‍ പര്‍ച്ചേസിംഗ് ഓഫീസ് തുറക്കുകയും ചെയ്തു. ആഗോളതലത്തില്‍ വാഹന ഘടകങ്ങള്‍ വാങ്ങുമ്പോള്‍ ഇന്ത്യയെ കാര്യമായി പരിഗണിക്കുമെന്ന് പിഎസ്എ ഗ്രൂപ്പിന്റെ ഗ്ലോബല്‍ പര്‍ച്ചേസിംഗ് ആന്‍ഡ് സപ്ലയര്‍ ക്വാളിറ്റി വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മിഷേല്‍ വെന്‍ വ്യക്തമാക്കി.

പ്യൂഷോ, സിട്രോണ്‍, വോക്‌സ്ഹാള്‍, ഓപല്‍, ഡിഎസ്, അംബാസഡര്‍ തുടങ്ങിയവയാണ് പിഎസ്എ ഗ്രൂപ്പിനുകീഴിലെ ബ്രാന്‍ഡുകള്‍.