കേരളത്തിലെ റോഡുകളിൽ ദിവസം 106 അപകടങ്ങൾ വീതം നടക്കുന്നുണ്ട് എന്നാണ് ഏകദേശകണക്ക്. ആ അപകടങ്ങളിൽ ദിവസേന പൊലിയുന്നത് പന്ത്രണ്ടിലധികം മനുഷ്യജീവനുകളാണ്. നിത്യേന പരിക്കേൽക്കുന്നത് 150 പേർക്ക് വീതവും. 2018-ലെ കണക്കുകൾ പരിശോധിച്ചാൽവി വാഹനാപകടങ്ങളിൽ ആകെ മരണസംഖ്യ 4259 ആയിരുന്നു. അതിനു പുറമെ, 31,687 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ കൊല്ലം ആകെ രേഖപ്പെടുത്തപ്പെട്ട  40,260അപകടങ്ങളിലായി 13,456 പേർക്കെങ്കിലും നിസ്സാര പരിക്കുകളേറ്റു.  2019-ൽ കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ മാസം വരെ മരിച്ചത് 3375 പേരാണ്. അതായത് ദിവസം 114 അപകടങ്ങൾ വീതം. 30784 അപകടങ്ങളിലായി 22178 പേർക്ക് ഗുരുതരമായ പരിക്കുകളേറ്റു. 4447 പേർക്ക് നിസ്സാരപരിക്കുകളും. 

38, 863 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു കൊച്ചു സംസ്ഥാനമാണ് കേരളം.  2017-18 -ലെ കണക്കുകൾ പ്രകാരം,  കേരളത്തിൽ 2,29,349.21 കിലോമീറ്റർ നീളമുള്ള റോഡുകളുണ്ട്. അതായത് ഓരോ 100 ചതുരശ്രമീറ്റർ സ്ഥലത്തിനും 590.14 കിലോമീറ്റർ വീതം റോഡുകളുണ്ടെന്നർത്ഥം. ദേശീയ ശരാശരിയായ 387 കിലോമീറ്ററിനേക്കാൾ കൂടുതലാണത്. ഒരു ലക്ഷം പേർക്ക്  686.55 കിലോമീറ്റർ റോഡാണ് കേരളത്തിലുള്ളത്. 90 ശതമാനം റോഡുകളും ഒറ്റവരിയാണ്. 

കേരളത്തിലൂടെ കടന്നുപോകുന്നത്  11 ദേശീയപാതകളാണ്. ആകെ ദൂരം 1,781.50 കിലോമീറ്റർ. ഇവയിലൂടെയാണ് കേരളത്തിലെ ട്രാഫിക്കിന്റെ 40 ശതമാനവും കടന്നുപോകുന്നത്.  7,197കിലോമീറ്റർ നീളത്തിൽ സംസ്ഥാനപാതകളുടെയും മറ്റു റോഡുകളുടെയും ഒരു നെറ്റ്‌വർക്ക് വേറെയുമുണ്ട്. അതിലൂടെയും ഒരു 40 ശതമാനം ട്രാഫിക്ക് കടന്നു പോകുന്നുണ്ട്. അതായത് കേരളത്തിലെ 80 ശതമാനം ട്രാഫിക്കും കൈകാര്യം ചെയ്യുന്നത്, പത്തുശതമാനം പാതകളാണ്. കൂടിയ ട്രാഫിക്കിനും മോശം റോഡിനും പുറമെ അശ്രദ്ധമായുള്ള വാഹനമോടിക്കൽ കൂടിയാകുമ്പോൾ ഒരു ശരാശരി ഇരുചക്രവാഹനക്കാരൻ ദിവസത്തിൽ പലവട്ടം അപകടത്തെ  മുഖാമുഖം കണ്ടുകൊണ്ടാകും തന്റെ യാത്രകൾ പൂർത്തീകരിക്കുന്നത്. 

കേരളത്തിൽ 1.2 കോടിയിലധികം രജിസ്റ്റേർഡ് വാഹനങ്ങൾ ഉണ്ടെന്നാണ് കഴിഞ്ഞ വർഷം മാർച്ചിലെ  കണക്ക്. അതായത് ആയിരം പേർക്ക് 361  വാഹനം വെച്ചുണ്ട്. ഇന്ത്യയിൽ അത് 18  ആണ്. ചൈനയിൽ 47. രണ്ടിലൊരാൾക്ക് വാഹനം സ്വന്തമായുള്ള അമേരിക്കയിൽ അത് 507  ആണ്. കേരളത്തിലെ വാഹനങ്ങളുടെ എണ്ണം വർഷാവർഷം ഏതാണ്ട് 8 ശതമാനം വെച്ച് കൂടുന്നുണ്ടെന്നാണ് കണക്ക്. 

2018-ൽ നടന്ന 4,259 വാഹനാപകടമരണങ്ങളിൽ  82 ശതമാനവും ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ടു നടന്നതാണ്. 53% അതായത് 2,178 പേരും ഇരുചക്രവാഹനങ്ങൾ ഓടിച്ചവരാണ്. 1,200 പേരെ ഇരുചക്രവാഹനങ്ങൾ അങ്ങോട്ട് ചെന്നിടിച്ചു കൊലപ്പെടുത്തി. ബാക്കിയുള്ളത് ഇരുചക്രവാഹനങ്ങൾ കാരണമുണ്ടായ അപകടങ്ങളിൽപ്പെട്ട കാർ യാത്രക്കാരും, ഓട്ടോറിക്ഷാ യാത്രക്കാരും, ഹെവി വാഹനമോടിച്ചിരുന്നവരുമൊക്കെയാണ്. 

ഇന്ന് അപകടത്തിൽ ഒരു യുവാവ് മരിച്ചിരിക്കുന്ന പാലാരിവട്ടം ഉൾപ്പെടുന്ന എറണാകുളമാണ് കഴിഞ്ഞ കൊല്ലം കേരളത്തിൽ ഏറ്റവുമധികം അപകടങ്ങൾ നടന്ന ജില്ല. 5,976 അപകടങ്ങൾ. അപകടങ്ങളിൽ മരിച്ചവർ ഏറെയും പതിനെട്ടിനും നാല്പതിനുമിടയിൽ പ്രായമുള്ള യുവത്വം വിട്ടിട്ടില്ലാത്തവരും. 

അപകടങ്ങൾക്ക് പ്രധാനകാരണം അപകടകരമായ, അശ്രദ്ധമായ രീതിയിലുള്ള ഡ്രൈവിങ് തന്നെയാണ്. മറ്റൊരു പ്രധാനകാരണമാണ് ഇന്ന് യുവാവിന്റെ ജീവൻ അപഹരിച്ച റോഡുകളുടെ പരിതാപാവസ്ഥ എന്നത്. ഇക്കാര്യത്തിൽ ഇന്ത്യയിൽ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഒരേ അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ കൊല്ലം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 9300 പേർ ഗട്ടറുകളിൽ വീണ് മരിച്ചിട്ടുണ്ട്. 

കൊച്ചിയിൽ മെട്രോയുടെ പണി തുടങ്ങിയ ശേഷം റോഡിന്റെ അവസ്ഥ വളരെ കഷ്ടമാണ്. അതിനു പുറമെയാണ് പിഡബ്യുഡിയും വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ തുടങ്ങിയ വകുപ്പുകളും തമ്മിലുള്ള പരസ്പര ധാരണക്കുറവ്. മരാമത്തുവകുപ്പ് റോഡിലെ ഗട്ടറുകളുടെ പണി തീർത്ത് അധികം താമസിയാതെ തന്നെ മറ്റേതെങ്കിലും ഡിപ്പാർട്ടുമെന്റ് കുഴി തീർത്തിട്ടുണ്ടാകും. അത് പിന്നെ ആഴ്ചകളോളം നികത്തപ്പെടാതെ, യാത്രക്കാർക്ക് അപകടങ്ങൾ സമ്മാനിച്ച് അവിടെ തുടരും. ഇപ്പോൾ യുവാവ് മരിച്ച അപകടത്തിന് ഇടയാക്കിയത് ജല അതോറിറ്റി കുഴിച്ച കുഴിയാണ്.

അരയടിയോളം ആഴത്തിൽ രണ്ടും മൂന്നും മീറ്റർ നീളത്തിലൊക്കെയുള്ള കുഴികൾ എമ്പാടുമുണ്ട്. സൂക്ഷിച്ച് വേഗം കുറച്ച് സഞ്ചരിച്ചില്ലെങ്കിൽ തലയും കുത്തി താഴെ വീഴും. കഷ്ടകാലത്തിന് പിന്നാലെ വേറെ വല്ല വണ്ടിയും വരുന്നുണ്ടെങ്കിൽ മരണം വരെ സംഭവിക്കാം. ഇന്ന് പാലാരിവട്ടത്ത് സംഭവിച്ചതുപോലെ. 

സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴയും റോഡുകൾ നാശമാക്കുന്നുണ്ട്. എന്നിരുന്നാലും, പൊതുമരാമത്ത് വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുകയും, മറ്റു വകുപ്പുകൾ മരാമത്തുവകുപ്പുമായി കൃത്യമായ ധാരണയോടെ തങ്ങളുടെ  പൈപ്പിടലും, കേബിൾ വലിക്കലും, റിപ്പയറിങ്ങുമൊക്കെ നടത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതെ ശ്രദ്ധിക്കാനാകൂ.