2020 ഏപ്രിലിൽ തന്നെ രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് തങ്ങളുടെ പൾസർ 125 ബിഎസ് 6 പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു . ഇതുവരെ, മോട്ടോർ സൈക്കിൾ ഡ്രം ബ്രേക്ക് , ഡിസ്ക് ബ്രേക്ക് എന്നീ വേരിയന്റുകളിൽ മാത്രമേ വാഹനം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ പൾസറിന്റെ  പ്രീമിയം സ്പ്ലിറ്റ് സീറ്റ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്  കമ്പനി. 

പൾസർ 125 ബിഎസ് 6 ൽ  124.4 സിസി, എയർ-കൂൾഡ്, ഫ്യൂൽ ഇൻജെക്ഷൻ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 ആർപിഎമ്മിൽ 116 ബിഎച്ച്പിയും 6,500 ആർപിഎമ്മിൽ 11 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർ ബോക്സ് ആണ് ട്രാന്‍സ്‍മിഷന്‍. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിൻഭാഗത്ത് ഡ്യുവൽ ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകൾ എന്നിവ നൽകിയിരിക്കുന്നു. 

സ്പോർട്ടിയർ രൂപത്തിലുള്ള സ്പ്ലിറ്റ് സീറ്റ് സജ്ജീകരണത്തിന് പുറമെ, പൾസർ 125 ബിഎസ് 6 ന്റെ ഈ വേരിയന്റിന് ബെല്ലി പാൻ, സ്പ്ലിറ്റ്-ടൈപ്പ് പില്യൺ ഗ്രാബ് റെയിൽ, പൾസർ 150 ക്ക്‌  സമാനമായ ഗ്രാഫിക്സ് എന്നിവയും ലഭിക്കുന്നു. 

ബജാജ് പൾസർ 125 സ്പ്ലിറ്റ് സീറ്റ് വേരിയൻറ് ഇപ്പോൾ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഇത് ഉടൻ രാജ്യമെമ്പാടും വിൽപ്പനയ്‌ക്കെത്തും. വിപണിയിൽ, ഹോണ്ട എസ്പി 125, ഹീറോ ഗ്ലാമർ എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുക. 79,079 രൂപയാണ് വാഹനത്തിന്‍റെ പൂനെ എക്സ്ഷോറൂം വില.