Asianet News MalayalamAsianet News Malayalam

ഈ സ്‍കൂട്ടറുകള്‍ നടുറോഡില്‍ പുകഞ്ഞുകത്തുന്നു, ഭീതിയില്‍ ഉടമകള്‍, വില്ലന്‍ ചൈനീസ് ബാറ്ററിയോ?

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് നടുറോഡിൽവച്ച്​ ഒരു ഇലക്​ട്രിക്​ സ്​കൂട്ടറിന്​ തീപിടിച്ച വീഡി​യോ ദൃശ്യങ്ങള്‍. പ്യൂവർ ഇവി  (Pure EV) യുടെ ഇ പ്ലൂട്ടോ ഫൈവ്​ ജി സ്‍കൂട്ടറിനാണ് (EV ePluto 5G) ​ തീപിടിച്ചതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു​. 

Pure EV ePluto 5G electric scooters catch fire
Author
Mumbai, First Published Oct 5, 2021, 6:44 PM IST

രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് (Electric Vehicles) സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. ഓരോദിവസവും നിരവധി കമ്പനികളാണ് ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പരമ്പരാഗത ഇന്ധന വാഹനങ്ങളെ (Fossil fuel vehicles) ഉപേക്ഷിച്ച് ഉടമകളും ഇലക്ട്രിക്ക് വാഹനങ്ങള്‍ (Electric Vehicles) സ്വന്തമാക്കിക്കഴിഞ്ഞു. പക്ഷേ ഈ ഉപഭോക്താക്കളെയാകെ ആശങ്കയിലാഴ്‍ത്തുന്നതാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതായുള്ള വാര്‍ത്തകള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് നടുറോഡിൽവച്ച്​ ഒരു ഇലക്​ട്രിക്​ സ്​കൂട്ടറിന്​ തീപിടിച്ച വീഡി​യോ ദൃശ്യങ്ങള്‍. പ്യൂവർ ഇവി  (Pure EV) യുടെ ഇ പ്ലൂട്ടോ ഫൈവ്​ ജി സ്‍കൂട്ടറിനാണ് (EV ePluto 5G) ​ തീപിടിച്ചതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു​. 

ആദ്യം ബാറ്ററി പുകഞ്ഞു കത്തുകയും പിന്നീട്​ തീപിടിച്ച്​ വാഹനം മുഴുവനായും കത്തി നശിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സ്ഥിതിചെയ്യുന്ന ബാറ്ററി കമ്പാർട്ട്‌മെന്‍റിൽ നിന്ന് കട്ടിയുള്ള പുക പുറത്തേക്ക് വരുന്നതാണ്​ ആദ്യം വീഡി​യോയില്‍ കാണുന്നത്. ഒരു മിനിറ്റോളം കട്ടിയുള്ള പുക വന്നതിന് തൊട്ടുപിന്നാലെ സ്​കൂട്ടറിൽ നിന്ന് തീ വരികയും വാഹനം കത്തുകയുമായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് പ്യൂവർ ഇവി. ഐഐടി ഹൈദരാബാദ് മുൻകയ്യെടുത്ത്​ രണ്ട് വർഷം മുമ്പാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. 

ഇവികളില്‍ തീപിടിക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ, രണ്ട് ഇലക്ട്രിക് സ്​കൂട്ടറുകൾക്ക് തീപിടിച്ച വീഡിയോകൾ ഇൻറർനെറ്റിൽ വൈറലായിരുന്നു. വലിയ ബാറ്ററികളുള്ള ഇലക്ട്രിക് വാഹനങ്ങളിൽ എപ്പോഴും ഇത്തരമൊരു സാധ്യത നിലനിൽക്കുന്നുണ്ട്​. സാങ്കേതികവിദ്യയുടെ വികാസത്തോടെ, ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് അപൂർവമാണെങ്കിലും പൂർണമായും ഒഴിവാക്കാൻ ആയിട്ടില്ലെന്നാണ്​ പുതിയ സംഭവം തെളിയിക്കുന്നത്​. 

ബാറ്ററികളുടെ ഗുണനിലമില്ലായ്​മയാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ സൂചന. വൈദ്യുത വാഹനത്തിന്റെ സുരക്ഷ പൂർണമായും ബാറ്ററികളുടെ ഗുണനിലവാരത്തെയും കൂളിങ്​ സിസ്റ്റവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും എത്രത്തോളം കാര്യക്ഷമമാണ് എന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്​.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന മിക്ക ലിഥിയം അയൺ ബാറ്ററി പായ്ക്കുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്​തവയാണ്. ഈ ബാറ്ററികളുടെ ഗുണനിലവാരവും സംശയിക്കപ്പെടുന്നുണ്ട്. 

ലിഥിയം അയൺ ബാറ്ററി കേടാകുമ്പോഴോ ഷോർട്ട് സർക്യൂട്ട് സംഭവിക്കുമ്പോഴോ തീപിടിക്കാൻ സാധ്യതയുണ്ടെന്നും ലിഥിയം ബാറ്ററിയിൽ തീ കെടുത്താൻ പ്രയാസമാണെന്നും ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നു. രൂപകൽപ്പനയുടെയും നിർമ്മാണത്തിന്റെയും ദൃഡത ഉറപ്പുവരുത്തണമെന്നും വിപണി വളർത്താൻ തിരക്കുകൂട്ടുന്നത് അപകടത്തിലേക്ക് നയിക്കുമെന്നും സുരക്ഷക്കായി വ്യക്​തമായ മാനദണ്ഡങ്ങൾ സ്ഥാപിക്കണമെന്നും വാഹന സുരക്ഷാരംഗത്ത്​​ പ്രവർത്തിക്കുന്ന ജാറ്റോ ഡൈനാമിക്​സ്​ പ്രസിഡന്റ് രവി ഭാട്ടിയ പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.


 

Follow Us:
Download App:
  • android
  • ios