തിരുവനന്തപുരം: ട്രാക്ക് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ട്രെയിനില്‍ (ട്രാക്ക് റെക്കോഡിങ് കാര്‍) തമിഴ്‍‍നാട്ടില്‍നിന്ന് കേരളത്തിലേക്ക് ഒളിച്ചുകടന്ന മൂന്നു റെയില്‍വേ എന്‍ജിനിയര്‍മാര്‍ റെയില്‍വേ പൊലീസിന്‍റെ പിടിയിലായി. തിരുനെല്‍വേലിയില്‍ നിന്നെത്തിയ പട്ടം സ്വദേശിനി ആര്യ ദാസന്‍ (25), കുളത്തൂര്‍ സ്വദേശിനി അഞ്ജന (26), അയിരൂപ്പാറ സ്വദേശി ബീഗം സല്‍മ (27), കൊല്ലം കേരളപുരം സ്വദേശി പ്രേംജിദാസ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവതികളും കൊല്ലത്തു വച്ച് ഒരാളും റെയില്‍വേ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. 

രണ്ടു പേരെ തിരുവനന്തപുരം റെയില്‍ വേസ്റ്റേഷനില്‍ ഇറക്കിയതിനുശേഷം ട്രാക്ക് റെക്കോഡിങ് കാര്‍ കൊല്ലത്തേക്ക് തിരിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍ വേസ്റ്റേഷനില്‍ നിന്നും രണ്ട്യുവതികള്‍ പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇവരെ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മൂന്നാമത്തെയാളെ കൊല്ലത്ത് വച്ച് പിടികൂടിയത്. തിരുവനന്തപുരത്തുനിന്ന് സന്ദേശം കിട്ടിയതിനെത്തുടര്‍ന്ന് കൊല്ലം റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് കേരളപുരം സ്വദേശി പ്രേംജിദാസിനെ കണ്ടെത്തിയത്. 

ഇവരെ സഹായിച്ച ട്രാക്ക് റെക്കോഡിങ് കാറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍, ഗാര്‍ഡ്, ലോക്കോ പൈലറ്റ് എന്നിവര്‍ക്കെതിരേയും കേസെടുത്തു.   പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് നിയമപ്രകാരമാണ് റെയില്‍വേ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. മൂന്നുപേരെയും തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 

പാളത്തില്‍ പരിശോധന നടത്തുന്നതിന് നിശ്ചിതദിവസങ്ങളില്‍ ട്രാക്ക് റെക്കോഡിങ് കാര്‍ എത്താറുണ്ട്. ഇതിന്റെ മറവിലാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് കടന്നത്. എന്‍ജിന്‍, ഉപകരണങ്ങള്‍ ഘടിപ്പിച്ച കോച്ച്, ഗാര്‍ഡ് വാന്‍ എന്നിവ ഉള്‍പ്പെട്ടതാണ് ട്രാക്ക് റെക്കോഡിങ് കാര്‍. 

കൊറോണ വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടുകളില്‍ ഒന്നായ തിരുനെല്‍വേലിയിലാണ് പിടിയിലായവര്‍ താമസിച്ചിരുന്നത്. മധുരയില്‍ കുടുങ്ങിയ ഇവര്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ അനുമതിയോടെ കയറുകയായിരുന്നു. ഹോട്ട് സ്‍പോട്ടായ പ്രദേശത്തുനിന്നുള്ള യാത്ര അനുവദനീയമല്ല. എന്നാല്‍ ഭക്ഷണം മോശമായതുകൊണ്ടാണ് നാട്ടിലേക്കു തിരിച്ചതെന്നാണ് പിടിയിലായ ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞത്. 

സംഭവത്തില്‍ റെയില്‍വേയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.