ദില്ലി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടിക്കൊണ്ട് പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ സെപ്‍തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പലരും രംഗത്തെത്തിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെ പല ഇടങ്ങളിലും പുതിയ ഭേദഗതികളെച്ചൊല്ലി അവ്യക്തതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ ഭേദഗതികൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മൂന്ന് സംസ്ഥാനങ്ങള്‍. മധ്യപ്രദേശും രാജസ്ഥാനും പശ്ചിമബംഗാളുമാണ് ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വലിയ പിഴയീടാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് ഈ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയതായി വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. പശ്ചിമ ബംഗാളും മധ്യപ്രദേശും ഭേദഗതി നടപ്പാക്കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ പിഴയുടെ കാര്യത്തില്‍ പുനപരിശോധന ആവശ്യമാണെന്നാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭേദഗതി നടപ്പിലാക്കും പക്ഷെ പിഴത്തുക പുനപരിശോധിക്കുമെന്നും രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിങ് ഖച്ചാരിയാവാസ് പറഞ്ഞു. പിഴത്തുകയിലെ വര്‍ധനവ് ജനങ്ങളില്‍ അതൃപ്‍തിയുണ്ടാക്കിയതായാണ് ഈ സംസ്ഥാനങ്ങള്‍ കാണുന്നത്. അതേസമയം നിയമം തല്‍ക്കാലം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മധ്യപ്രദേശ് നിയമമന്ത്രി പിസി ശര്‍മ പ്രതികരിച്ചു. പിഴത്തുക വളരെ വലുതാണെന്നും ഇത്തരത്തില്‍ എല്ലാവര്‍ക്കും അത് താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇത് ഇപ്പോള്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി. നിയമത്തിലെ ചില കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. പ്രധാനമായും ചെറിയ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്നത് പോലുള്ളവ ശരിയില്ലെന്നുമാണ് സര്‍ക്കാറിന്‍റെ നിലപാട്. ഭേദഗതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം വിജ്ഞാപനം പുറത്തിറക്കുമെന്നും ദില്ലി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.