ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് സഭക്ക് പിന്നാലെ രാജ്യസഭയും പാസാക്കി.

ദില്ലി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് സഭക്ക് പിന്നാലെ രാജ്യ സഭയും പാസാക്കിക്കഴിഞ്ഞു. ലോക്‌സഭ ജൂലായ് 23-നു പാസാക്കിയ ബില്ലാണ് 13നെതിരേ 108 വോട്ടുകൾക്ക് രാജ്യസഭയും കഴിഞ്ഞദിവസം പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികളെല്ലാം ഇരുസഭകളും തള്ളിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴള്‍ക്കു പുറമേ വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ ബിൽ. 

ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

പിഴകള്‍​

  • ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 1000 (നിലവില്‍ 100
  • അപകടകരമായി വണ്ടിയോടിച്ചാല്‍ - 5000
  • ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000 (നിലവില്‍ 500)
  • അമിത വേഗം - 1000-2000 (നിലവില്‍ 500)
  • സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000 (നിലവില്‍ 100)
  • മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ - 5000 (നിലവില്‍ 1000)
  • മദ്യപിച്ച് വാഹനം ഓടിച്ചാല്‍ - 10000 (നിലവില്‍ 2000)
  • ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 2000
  • അമിതഭാരം കയറ്റിയാല്‍ - 20,000 രൂപ (നിലവില്‍ 2000)

മറ്റ് മുഖ്യ വ്യവസ്ഥകൾ

  • ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം. നിലവിൽ ഇത് 3 വർഷം
  • ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി 10 വര്‍ഷം (നിലവില്‍ 20)
  • കാലാവധി പൂർത്തിയാകുന്ന ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കും
  • അപകടത്തില്‍പ്പെടുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
  • പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും
  • വാഹനം ഇടിച്ചിട്ട് ഓടിച്ചു പോകുന്ന കേസുകളില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം (നിലവില്‍ 25,000 രൂപ), ഗുരുതര പരിക്കിന് 50,000 രൂപ (നിലവില്‍ 12,500 രൂപ)
  • ഇരകൾക്കു നഷ്‍ടപരിഹാരം നൽകേണ്ടത് അപകടമുണ്ടാക്കുന്ന വാഹനത്തിന്റെ ഉടമ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനി
  • നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.
  • കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വര്‍ഷം തടവും ലൈസന്‍സ് റദ്ദാക്കലും
  • വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം 
  • പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
  • അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
  • അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
  • ലേണേഴ്സ് ലൈസന്‍സ് അപേക്ഷ, അപേക്ഷാ ഫീ എന്നിവ ഓണ്‍ലൈനില്‍.
  • ലൈസന്‍സ് അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല.
  • ഡ്രൈവിംഗ് ലൈസന്‍സില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ചേര്‍ക്കാനുള്ള അപേക്ഷ (ടൂവീലര്‍, ഫോര്‍വീലര്‍) രാജ്യത്ത് എവിടെയും നല്‍കാം
  • രാജ്യത്ത് വിതരണം ചെയ്യുന്ന ലൈസന്‍സുകളുടെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ദേശീയ രജിസ്‌റ്റര്‍
  • പുതിയ വാഹനങ്ങള്‍ ഡീലര്‍മാര്‍ ഉടമകള്‍ക്ക് കൈമാറേണ്ടത് രജിസ്ട്രേഷനു ശേഷം. വാഹനം എവിടെ രജിസ്‌റ്റര്‍ ചെയ്യണമെന്ന് ഉടമയ്‌ക്ക് തീരുമാനിക്കാം
  • തകരാറുള്ള വാഹനങ്ങള്‍ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവന്‍ പണവും മടക്കി നല്‍കണം