Asianet News MalayalamAsianet News Malayalam

മൂന്നുകോടിയുടെ സൂപ്പര്‍കാര്‍ രണ്ടാമതും വാങ്ങി സൂപ്പര്‍താരം!

ഈ കാറിന്‍റെ മൂന്നു കോടിയോളം രൂപ എക്‌സ് ഷോറൂം വില വരുന്ന സാധാരണ പതിപ്പ് 2019ൽ തന്നെ താരം വാങ്ങിയിരുന്നു. ഇതുകൂടാതെയാണ് 3.15 കോടി എക്‌സ് ഷോറൂം വില വരുന്ന പ്രത്യേക പതിപ്പ് ഇപ്പോള്‍ വീണ്ടും വാങ്ങിയത്

Ranveer Singh Brought Lamborghini Urus Pearl Capsule Edition
Author
Mumbai, First Published May 24, 2021, 7:23 PM IST

ഇറ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ലംബോർഗിനിയുടെ എസ്‌യുവി മോഡലാണ് ഉറൂസ്. ഈ ഉറൂസിന്‍റെ പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ അടുത്തിടെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 3.15 കോടി രൂപ എക്സ‍് ഷോറൂം വിലയുള്ള ഈ വാഹനം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ബോളീവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാന്‍ഡ് ഓറഞ്ച്-ബ്ലാക്ക് കളര്‍ കോമ്പിനേഷനിലുള്ള പേള്‍ ക്യാപ്‌സൂള്‍ എഡിഷന്‍ ഉറുസാണ് താരം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Ranveer Singh Brought Lamborghini Urus Pearl Capsule Edition

ബാൻഡ് ബജ ബാരാത്ത് തുടങ്ങി ഗൂംകേതു വരെയുള്ള സിനിമകളിൽ മിന്നുന്ന പ്രകടനമായിരുന്നു രൺവീർ സിംഗ് നടത്തിയത്. സൂര്യവൻഷി എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് തിയേറ്ററില്‍ എത്താനൊരുങ്ങുന്ന പുതിയ രൺവീർ സിംഗ് ചിത്രം. ഇതാദ്യമായല്ല രൺവീർ സിങ് ലാംബോർഗിനി ഉറുസ് എസ്‌യുവി സ്വന്തമാക്കുന്നത്. മൂന്നു കോടിയോളം എക്‌സ് ഷോറൂം വില വരുന്ന ലംബോർഗിനി ഉറുസ് 2019ൽ തന്നെ താരത്തിന്റെ ഗാരേജിലുണ്ട്. ചുവപ്പ് നിറത്തിലുള്ള ഉറുസുമായി മുംബൈയിലെ തെരുവുകളിൽ ഡ്രൈവിനിറങ്ങിയ രൺവീർ സിംഗിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു.

കൂടുതല്‍ സ്‌പോര്‍ട്ടിയായ നിറങ്ങള്‍, കുറേക്കൂടി മികച്ച ഫിനിഷ്, മെച്ചപ്പെട്ട ഇന്റീരിയര്‍ എന്നിവ ഉള്‍പ്പെടെ റെഗുലര്‍ മോഡലിനെക്കാള്‍ അധികം ആഡംബരം നല്‍കിയിട്ടുള്ളതാണ് പെര്‍ഫോമന്‍സ് എസ്‌യുവിയുടെ ഈ പ്രത്യേക പതിപ്പ്. ആകര്‍ഷകമായ നിറങ്ങള്‍, ഗ്ലോസ് ഫിനിഷിംഗ്, പുതിയ അലോയ് വീലുകള്‍, പുതിയ മെറ്റീരിയലുകള്‍, പുതിയ അപോള്‍സ്റ്ററി ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെട്ട പൂര്‍ണമായും പുതിയ ലുക്ക് ലഭിക്കുന്ന പ്രത്യേക പാക്കേജാണ് പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍.

ജിയാല്ലോ ഇന്റി (മഞ്ഞ), വെര്‍ഡി മാന്റിസ് (ലൈം ഗ്രീന്‍), അറാന്‍സിയോ ബോറിയാലിസ് (ഓറഞ്ച്) എന്നീ മൂന്ന് കാന്‍ഡി കളര്‍ ഓപ്ഷനുകളില്‍ ലംബോര്‍ഗിനി ഉറുസ് പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ ലഭിക്കും. ബംപറുകള്‍, ഒആര്‍വിഎമ്മുകള്‍, ബോഡി സ്‌കര്‍ട്ടുകള്‍, വീല്‍ ക്ലാഡിംഗ്, റൂഫ് എന്നിവിടങ്ങളില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയതോടെ ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം ലഭിച്ചു. സ്റ്റാന്‍ഡേഡ് ഉറുസ് എസ്‌യുവിയില്‍ മാറ്റ് ഫിനിഷാണ് നല്‍കിയിരുന്നത്. കൂടുതല്‍ ഡാര്‍ക്ക് മാറ്റ് ഫിനിഷ് ലഭിച്ചതാണ് ക്വാഡ് എക്‌സോസ്റ്റ് ടിപ്പുകള്‍. സ്റ്റാന്‍ഡേഡ് വേര്‍ഷനില്‍ ബ്രഷ്ഡ് സില്‍വറാണ് നല്‍കിയത്. 23 ഇഞ്ച് ഹൈ ഗ്ലോസ് അലോയ് വീലുകളാണ് മറ്റൊരു വലിയ പരിഷ്‌കാരം. സ്റ്റാന്‍ഡേഡ് ഉറുസിന് ലഭിച്ചത് 21 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളായിരുന്നു.

ഡുവല്‍ ടോണ്‍ അല്‍കാന്ററ തുക പൊതിഞ്ഞാണ് സീറ്റുകള്‍. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ബോഡിയുടെ അതേ നിറമുള്ള തുന്നലുണ്ട്. ബാക്ക്‌റെസ്റ്റില്‍ ഉറുസ് എന്ന പേര് എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. ഹെഡ്‌റെസ്റ്റില്‍ ലംബോര്‍ഗിനി ലോഗോ കാണാം. ഡോര്‍ പാനലുകളില്‍ കാര്‍ബണ്‍ ഫൈബര്‍ ഇന്‍സര്‍ട്ടുകള്‍ നല്‍കി. കാബിനില്‍ കറുപ്പ് നിറ സാന്നിധ്യം കാണാം.

നിലവിലെ അതേ 4.4 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 641 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം, 4 വീല്‍ സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ലഭിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 3.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ടോപ് സ്പീഡ്. പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ കൂടാതെ കസ്റ്റമൈസ്, പേഴ്‌സണലൈസ് ചെയ്യുന്നതിന് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്.

അടുത്തിടെ ഇന്ത്യയില്‍ നൂറ് യൂണിറ്റ് ഉറുസ് എസ്‌യുവി ഡെലിവറി ചെയ്‍തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചിരുന്നു. കാല്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം ലംബോര്‍ഗിനി നിരയില്‍ പിറന്ന രണ്ടാം എസ്‌യുവിയായ ഉറൂസിനെ  2017 ഡിസംബറിലാണ് ആഗോളതലത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2018 ജനുവരിയിലാണ് ഉറുസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

2018 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ആദ്യ ബാച്ച് ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്യാന്‍ ആരംഭിച്ചത്.  മൂന്ന് കോടി രൂപയാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ലംബോര്‍ഗിനി ഉറുസ്.  സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളുടെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയില്‍ ലഭിച്ച പ്രതികരണം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്ത്യയില്‍ ഡെലിവറി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അമ്പത് യൂണിറ്റ് ഉറുസ് ഡിസ്പാച്ച് ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു.

അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2019-ല്‍ ലോകത്താകമാനം ഉറുസിന്റെ 4962 യൂണിറ്റാണ് വിറ്റഴിച്ചത്. ഇതില്‍ 50 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചവയാണ്. ആ വര്‍ഷം ലംബോര്‍ഗിനിയുടെ ആകെ വില്‍പ്പന 8205 ആയിരുന്നു. 2020ല്‍ ഉറൂസ് എസ്‌യുവിയുടെ പുതിയ ഡിസൈൻ പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios