ഇന്ത്യൻ റോഡുകളിൽ നാല് ദശലക്ഷം കാറുകൾ എന്ന നേട്ടം കൈവരിച്ചതിന് ടാറ്റ മോട്ടോഴ്‌സിനെ അഭിനന്ദിച്ച് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. ഭാവിയിലെ പരിശ്രമങ്ങൾക്കായി ആശംസകള്‍ എന്നായിരുന്നു അദ്ദേഹം ആശംസിച്ചു.

കമ്പനിയുടെ ചരിത്രം പറയുന്ന ബോളിവുഡ് നടൻ അനുപം ഖേർ അവതാരകനായ പ്രത്യേക വീഡിയോ പങ്കുവച്ചായിരുന്നു രത്തന് ടാറ്റയുടെ ട്വീറ്റ്. "നാല് ദശലക്ഷം നാഴികക്കല്ലിന് അഭിനന്ദനങ്ങൾ! മുന്നോട്ടുള്ള യാത്രയ്ക്ക് നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു," അദ്ദേഹം എഴുതി.

ടാറ്റാ മോട്ടോഴ്‌സ് കാർസ് ആദ്യം ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ട ഈ വീഡിയോ, 1945 ൽ കമ്പനി സ്ഥാപിതമായപ്പോൾ മുതലുള്ള കമ്പനിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലേക്ക് കാഴ്ചക്കാരെ തിരികെ കൊണ്ടുപോകുകയും അടുത്ത ദശകങ്ങളിലെ യാത്രയെ സമന്വയിപ്പിക്കുകയും ചെയ്യുന്നു. 

രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതവും നൂതനവുമായ ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുന്നുവെന്ന് ഈ വീഡിയോ അടിവരയിടുന്നു. ടാറ്റാ മോട്ടോറിന്റെ നിലവിലെ കാറുകളായ ടിയാഗോ, ടൈഗോർ, നെക്‌സൺ, അൽട്രോസ്, ഹാരിയർ എന്നിവയും വീഡിയോ ഉയർത്തിക്കാട്ടുന്നു.

ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. നിലവിൽ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിലാണ് കമ്പനി. ഗ്ലോബൽ എൻ‌സി‌എപി ടെസ്റ്റുകളിലും നെക്‌സണും അൽട്രോസും അഞ്ച് സ്റ്റാറുകള്‍ നേടിയപ്പോൾ ടിയാഗോയ്ക്കും ടിഗോറിനും നാല് സ്റ്റാറുകള്‍ വീതം ലഭിച്ചു.