രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തി ഒരു വ്യവസായ പ്രമുഖന്‍. ടാറ്റയുടെ തലതൊട്ടപ്പനും 83കാരനുമായ രത്തൻ ടാറ്റയാണ് മുംബൈയിൽ നിന്ന് പൂനെയിലെ ജീവനക്കാരന്‍റെ വീട്ടിലെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ടു വർഷമായി ഈ ജീവനക്കാരൻ രോഗബാധിതനായിരുന്നു. ഇതറിഞ്ഞതോടെ പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻ ടാറ്റ തീരുമാനിക്കുകയായിരുന്നു.  ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലാകുകയായിരുന്നു.

രത്തൻ ടാറ്റ പൂനെയിലെത്തി തന്റെ ജീവനക്കാരനുമായി സംസാരിക്കുന്നതിന്റെ ചിത്രമാണ് യോഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ''രണ്ടുവർഷമായി രോഗബാധിതനായ തന്റെ മുൻ ജീവനക്കാരനെ കാണാൻ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാർ. മാധ്യമങ്ങളില്ല. സുരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്നേഹം മാത്രം. പണം എല്ലാമല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങയെ വണങ്ങുന്നു... സർ !! ബഹുമാനത്തോടെ ഞാൻ തല കുനിക്കുന്നു ”- യോഗേഷ് ദേശായി കുറിച്ചു.

ഈ പോസ്റ്റാണ് വൈറലായത്. നൂറുകണക്കിനു പേര്‍ കമന്‍റുകളും ഷെയറുകളുമായി രംഗത്തെത്തുകയായിരുന്നു. പോസ്റ്റിന് 1.6 ലക്ഷത്തിലധികം പ്രതികരണങ്ങളും നാലായിരത്തിലേറെ കമന്റുകളും ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ പവർ, ടാറ്റ ഗ്ലോബൽ ബിവറേജസ്, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ ടെലി സർവീസസ് എന്നിവയുൾപ്പെടെ പ്രമുഖ ടാറ്റ കമ്പനികളുടെ ചെയർമാനായിരുന്നു രത്തൻ ‌ടാറ്റ.