Asianet News MalayalamAsianet News Malayalam

ആ ജീപ്പിന് പിന്നാലെ പൊലീസ് പാഞ്ഞു, ഒപ്പം നാട്ടുകാരും; പിന്നെ സംഭവിച്ചത്!

ഇതിനിടെ അമിതവേഗതയില്‍ എത്തിയ ഒരു മഹീന്ദ്ര ജീപ്പ് പൊലീസ് ജീപ്പിൽ തട്ടിയശേഷം പാഞ്ഞു പോയി. ഇടറോഡുകളിലൂടെ അപകടകരമായി സഞ്ചരിക്കുന്ന ജീപ്പിനെയും പിന്നാലെ പായുന്ന പൊലീസ് വാഹനത്തെയും കണ്ടതോടെ നാട്ടുകാരും അടങ്ങിയിരുന്നില്ല

Ration shop rice smuggling jeep held at Parassala
Author
Trivandrum, First Published Jun 17, 2021, 4:21 PM IST

തമിഴ്‍നാട്ടില്‍ നിന്ന് റേഷന്‍ അരി കടത്തുകയായിരുന്ന ജീപ്പിനെ സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. തമിഴ്‍നാട് കേരളാ അതിര്‍ത്തിയായി പാറശാലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

വടൂർകോണത്തിനു സമീപം വൈകിട്ട് വാഹന പരിശോധന നടത്തുകയായിരുന്നു പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘം. ഇതിനിടെ അമിതവേഗതയില്‍ എത്തിയ ഒരു മഹീന്ദ്ര ജീപ്പ് പൊലീസ് ജീപ്പിൽ തട്ടിയശേഷം പാഞ്ഞു പോയി. ഇതോടെ സംശയം തോന്നിയ പൊലീസ് സംഘവും വണ്ടിയെടുത്ത് ജീപ്പിനു പിന്നാലെ കുതിച്ചു. 

ഇടറോഡുകളിലൂടെ അപകടകരമായ വേഗതയിലായിരുന്നു ജീപ്പ് കുതിച്ചത്. കുഴിഞ്ഞാൻവിള വഴി അപകടകരമായി സഞ്ചരിക്കുന്ന ജീപ്പിനെയും പിന്നാലെ പായുന്ന പൊലീസ് വാഹനത്തെയും കണ്ടതോടെ എന്തോ പ്രശ്‍നം ഉണ്ടെന്ന് നാട്ടുകാരും തിരിച്ചറിഞ്ഞു. അതോടെ അവരും അടങ്ങിയിരുന്നില്ല. ബൈക്കുകളിലും മറ്റുമായി നാട്ടുകാരുടെ സംഘവും ജീപ്പിനെ പിന്തുടർന്നു. ഒടുവില്‍ പാറശാല ഗാന്ധി പാർക്കിനു സമീപത്തുവച്ച് പൊലീസ് ജീപ്പ് മറ്റേ ജീപ്പിൽ ഇടിച്ച് നിർത്തുകയായിരുന്നു. ഇതോടെ ജീപ്പില്‍ നിന്ന് ഡ്രൈവർ പുറത്തേക്കിറങ്ങി  ഓടി. 

എന്നാല്‍ ഓട്ടോറിക്ഷയിലും ബൈക്കുകളിലും മറ്റുമായി പൊലീസും നാട്ടുകാരുടെ സംഘവും പിന്തുടർന്നു. ഒടുവില്‍ ആശുപത്രി ജങ്ഷനു സമീപത്ത് വച്ച് ജീപ്പിന്‍റെ ഡ്രൈവറെയും പിടികൂടി.

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് റേഷന്‍ അരി കണ്ടെത്തുന്നത്. ജീപ്പിന്റെ പിൻഭാഗത്തെ സീറ്റുകൾ ഇളക്കിമാറ്റി റേഷനരി ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ പ്ലാസ്റ്റിക് ചാക്കുകളിൽ ചരടുകൾ കൊണ്ട് കെട്ടിയനിലയിലായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios