തങ്ങളുടെ എല്ലാ താരങ്ങള്‍ക്കും പരിശീലകനും ഔഡി കാറുകള്‍  ക്രിസ്‍മസ് സമ്മാനമായി നല്‍കി റയല്‍ മാഡ്രിഡ് ക്ലബ്ബ്. കാറിന്റെ മോഡലും ഇഷ്ടനിറവും കളികാര്‍ക്ക് തന്നെ തിരഞ്ഞെടുക്കാം. 

മാഡ്രിഡ് ക്യാപ്റ്റനായ സെര്‍ജിയ റാമോസാണ് ഏറ്റവും വില കൂടിയ മോഡല്‍ തിരഞ്ഞെടുത്തത്. ഔഡി A8 50TDI ക്വാട്രോ ടിപ്‌ട്രോണിക് പതിപ്പാണ് റാമോസ് സ്വന്തമാക്കിയത്. 86,000 പൗണ്ടാണ് ഈ വാഹനത്തിന്റെ വില. 

ഫ്രഞ്ച് താരമായ റാഫേല്‍ വരാന്‍ ചുവന്ന നിറത്തിലുള്ള ഔഡി ഇ-ട്രോണ്‍ 55 ആണ് സ്വന്തമാക്കിയത്. 71,000 പൗണ്ടാണ് ഈ വാഹനത്തിന്റെ വില. ബ്രസീലിയന്‍ കളികാരനായ വിനീഷ്യസ് ഔഡി A7 സ്‌പോര്‍ട്‌സ്ബാക്ക് 50 TDI ആണ് വാങ്ങിയത്. ഈ വാഹനത്തിന് 67,000 പൗണ്ടാണ് വില.

ടോണി ക്രൂസ്, ഈഡന്‍ ഹസാഡ്, ഹാമിഷ് റോഡ്രിഗസ് തുടങ്ങിയവര്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട വാഹനമായ ഔഡി Q8 50TDI ക്വാട്രോ ടിപ്‌ട്രോണിക് മോഡല്‍ തിരഞ്ഞെടുത്തു.  Q8 50TDI-ക്ക്  74,000 പൗണ്ടാണ് വില.

എന്നാല്‍ ടീം കോച്ചും മുന്‍ ഫ്രഞ്ച് ക്യാപ്റ്റനുമായ സിനദിന്‍ സിദാനും ഫോര്‍വേഡ് പ്ലെയര്‍ കരീം ബെന്‍സമയും ഔഡി നിരയിലെ ഏറ്റവും വില കുറഞ്ഞ വാഹനമാണ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.