'റെഡ്ബുൾ' എന്നൊരു പേര് കേട്ടിട്ടുണ്ടോ? സ്റ്റീൽ കാനിൽ വരുന്ന ഒരു എനർജി  ഡ്രിങ്ക്. അതിന്റെ പഞ്ച് ലൈൻ ഇങ്ങനെയാണ്, "റെഡ്ബുൾ ഗിവ്സ് യൂ വിങ്‌സ്" - " നിങ്ങൾക്ക് ചിറകുകൾ നൽകും, റെഡ് ബുൾ" എന്ന്. ഇതിന്റെ പരസ്യങ്ങൾ കണ്ടാൽ നമുക്ക് തോന്നുക കരടി, സീബ്രാ, തുടങ്ങി കുടിക്കുന്ന ആർക്കും ചിറകുപകരും ഈ എനർജി ഡ്രിങ്ക് എന്ന പ്രതീതിയാണ് നമുക്കുണ്ടാവുക. ശതകോടികൾ ആസ്തിയുള്ള ഈ അന്താരാഷ്ട്ര കുത്തകഭീമന്റെ പേരക്കുട്ടിയായ വോറായുത് യൂവിധായ തന്റെ ഫെറാരിയുടെ സ്റ്റീയറിങ്ങിനു പിന്നിൽ ഇരുന്നു കാട്ടിക്കൂട്ടിയ അക്രമങ്ങളെക്കുറിച്ചും, അതുണ്ടാക്കിയ കോലാഹലങ്ങളെക്കുറിച്ചുമാണ് ഇന്ന് പറയാൻ പോകുന്നത്. ഇയാളുടെ ശരിക്കുള്ള പേര് ബാങ്കോക്കിലെ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു എങ്കിലും, പക്ഷെ നഗരത്തിലെ പാർട്ടി സർക്യൂട്ടുകളിൽ സജീവമായിരുന്ന 'ബോസ്' എന്ന കോടീശ്വരപുത്രനെപ്പറ്റി പലർക്കും അറിയാമായിരുന്നു. 

 

 

കഥ നടക്കുന്നത് 2012 -ലാണ്. അന്ന് പുലർച്ചയോടെയാണ്, മദ്യപിച്ച് കാലു നിലത്തുറക്കാത്ത പരുവത്തിലായിരുന്ന'ബോസ്' തന്റെ ഫെറാറിയുടെ സ്റ്റിയറിങ് വീലിനു പിന്നിലേക്ക് കയറിയിരുന്നത്. ഏതാനും നിമിഷങ്ങൾക്കകം ആ കാറിനു ചിറകുമുളച്ചത്. ആ ചിറകടിയിൽ ഒരാളുടെ പ്രാണൻ നഷ്ടമായത്. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലോ. അവസാനം കേസ് കോടതിയിൽ ചെന്നപ്പോൾ, അത് 'ഹിറ്റ് ആൻഡ് റൺ' കേസിനു പകരം 'അശ്രദ്ധമായി വണ്ടിക്കു മുന്നിൽ എടുത്തുചാടിയുണ്ടായ അപകടം' എന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടു. 

 

 

എട്ടുവർഷം മുമ്പ് നടന്ന സംഭവമാണ്. കൃത്യമായി പറഞ്ഞാൽ 2012 സെപ്റ്റംബർ 3. സ്ഥലം തായ്‌ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്ക്. നേരം രാവിലെ അഞ്ചുമണിയോടടുക്കുന്നു. തെരുവുകളിലെ വൈദ്യുതി വിളക്കുകൾ അപ്പോഴും വെളിച്ചം ചിന്തുന്നുണ്ടായിരുന്നു. സൂര്യൻ ഉദിച്ചിട്ടുണ്ടായിരുന്നില്ല. പൊലീസ് സാർജന്റായ മേജർ വിചിയാൻ ക്ലാൻപ്രാസെർട്ട്, നഗരത്തിലെ സുഖുംവിത് റോഡിലൂടെ തന്റെ ബൈക്കിലേറി ഒരു ഔദ്യോഗികാവശ്യത്തിനായി പോവുകയായിരുന്നു. പിന്നിൽ നിന്ന് അതിവേഗത്തിൽ പാഞ്ഞെത്തിയ ഒരു ഗ്രേ കളർ ഫെറാരി വന്നു ബൈക്കിൽ ഇടിച്ചു. ഇടിയിൽ മേജർ നേരെ ആകാശത്തേക്ക് ഉയർന്നുപൊന്തി, നേരെ കാറിനു മുന്നിൽ തന്നെ വന്നുവീണു. അദ്ദേഹത്തിന്റെ ദേഹത്തുകൂടെ കാറിന്റെ മുൻചക്രങ്ങൾ കയറിയിറങ്ങി. കാറിനടിയിൽ കുടുങ്ങിപ്പോയ ആ ബൈക്കിനെയും മേജർ വിചിയാനെയും  നൂറുമീറ്ററോളം വലിച്ചിഴച്ചുകൊണ്ടു പോയിട്ടും ആ പയ്യൻ തന്റെ കാർ നിർത്തിയില്ല. ഒടുവിൽ, ആക്സിഡന്റ് നടന്ന സ്പോട്ടിൽ നിന്ന് നൂറുമീറ്റർ അകലെ തങ്ങളുടെ ഓഫീസറുടെ മൃതദേഹവും തകർന്ന ബൈക്കും കണ്ടെത്തി. കാർ നിർത്താതെ സ്ഥലം വിട്ടിട്ടുണ്ടായിരുന്നു എങ്കിലും, ഈ അപകടത്തിന്റെ കാരണത്തെക്കുറിച്ച് പൊലീസിന് നേരിട്ട് തെളിച്ചു നൽകുന്ന ഒന്നുണ്ടായിരുന്നു. അത്, ബൈക്കിൽ ഇടിച്ചപ്പോൾ പൊട്ടിപ്പോയ ഫെറാറിയുടെ ബ്രേക്ക് ഫ്ലൂയിഡ് ടാങ്ക് ആയിരുന്നു. അപകടസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു ലക്ഷ്വറി ബംഗ്ലാവിന്റെ ഗാരേജിന്റെ ഷട്ടർ വരെ എത്തി നിന്നിരുന്നു ആ ബ്രേക്കിങ് ഫ്ലൂയിഡ് നിലത്തുവീണുണ്ടായ പാട്.   

 

 

ആ ആഡംബര മാളിക തായ്‌ലൻഡിലെ അറിയപ്പെടുന്ന ശതകോടീശ്വരനും, എനർജി ഡ്രിങ്ക് നിർമാതാവുമായ ചലെയാവോ യൂവിധായയുടെതായിരുന്നു. അദ്ദേഹം 'ക്രെറ്റിങ് ഡെങ്' എന്ന പേരിൽ തായ്‌ലൻഡിൽ നിർമിച്ച് വിറ്റിരുന്ന എനർജി ഡ്രിങ്ക് കുടിച്ച് അതിന്റെ ടേസ്റ്റ് ഇഷ്ടപ്പെട്ട ഓസ്ട്രിയൻ ബിസിനസ്മാൻ ആയ ഡിത്രിച്ച് മാറ്റെഷ്കിറ്റ്സ് അതിനെ പാശ്ചാത്യരുടെ നാക്കുരുചിക്കനുസരിച്ച് മാറ്റിയെടുത്ത് ഇറക്കിയതാണ് പിന്നീട് റെഡ് ബുൾ എന്ന പേരിൽ ലോകപ്രസിദ്ധമായ, ഇന്നും കോടിക്കണക്കിനു ഡോളറിന്റെ വ്യാപാരമുള്ള എനർജി ഡ്രിങ്ക്. ചലെയാവോ അപകടത്തിന് മുമ്പ് മരിച്ചിട്ടുണ്ടായിരുന്നു എങ്കിലും, റെഡ്ബുൾ പങ്കാളിത്തം, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ആശുപത്രികൾ, ഫെറാരി ഡീലർഷിപ്പുകൾ എന്നിവയിലൂടെ താനുണ്ടാക്കിയ ശതകോടികൾ അനന്തരാവകാശികളുടെ പേർക്ക് എഴുതിവെച്ചിട്ടാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. ഫോർമുല വൺ റേസിങ്ങിലും റെഡ്ബുള്ളിന്റെ ടീമുകൾ പ്രസിദ്ധമായിരുന്നു. ചലെയാവോ യൂവിധായ അവശേഷിപ്പിച്ചിട്ടുപോയ അളവറ്റ സമ്പത്ത് നൽകിയ ശബളിമയിൽ ജീവിതം അടിച്ചുപൊളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ പേരക്കുട്ടികളിൽ ഒരാളായ, നാട്ടുകാർ 'ബോസ്' എന്ന ഓമനപ്പേരിൽ വിളിക്കുന്ന വോറായുത് യൂവിധായയാണ് മദ്യലഹരിയിൽ ഈ പൊലീസ് ഓഫീസറുടെ ജീവനെടുത്തത്. 

 

 

കളിക്കുന്നത് ചില്ലറക്കാരോടല്ല എന്ന് നന്നായി അറിയാമായിരുന്നു എങ്കിലും,  നിരുത്തരവാദപരമായ 'ഡ്രങ്ക് ഡ്രൈവിങ്ങി'ലൂടെ അപഹരിക്കപ്പെട്ടിരിക്കുന്നത്  തങ്ങളിൽ ഒരാളുടെ ജീവനാണ് എന്നതുകൊണ്ട് തായ് പൊലീസും രണ്ടും കല്പിച്ചായിരുന്നു. മിനിറ്റുകൾക്കുള്ളിൽ സെർച്ച് വാറന്റ് എത്തി.   ആ വസതിയിൽ നിന്ന് അപകടത്തിനുത്തരവാദിയായ അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഗ്യാരേജ് തുറപ്പിച്ച് പരിശോധന നടത്തിയപ്പോൾ അതിനുള്ളിൽ വിശ്രമിച്ചിരുന്ന, ഒരു ഗ്രേ ഫെറാരിയിലേക്ക് അവരുടെ ശ്രദ്ധ പോയി. അതിന്റെ മുൻഭാഗം ശക്തമായ ഒരു ഇടിയിൽ എന്നപോലെ ചളുങ്ങി ഇരുന്നു. ഉള്ളിലെ എയർ ബാഗുകൾ തുറന്നിരുന്നു. രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചപ്പോൾ അത് ചലെയാവോയുടെ പൗത്രൻ  വോറായുത്തിന്റെ ആണെന്ന് മനസ്സിലായി. അയാളുടെ അച്ഛൻ ചാലേറാം തായ്‌ലൻഡിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാമത് നിൽക്കുന്ന ആളാണ്. എന്നാൽ,  വോറായുതിനെ ചോദ്യം ചെയ്തപ്പോൾ താനല്ല വണ്ടിയോടിച്ചത് എന്ന് അയാൾ അവകാശപ്പെട്ടു. വീട്ടുകാർ കേസിൽ ബലിയാടാകാൻ വേണ്ടി ഒരു ഡമ്മി പ്രതിയെയും ഹാജരാക്കി. ഹാജരാക്കിയ പ്രതി മദ്യപിച്ചിട്ടില്ലായിരുന്നു എന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. 

 

 

അവർക്ക് ആ മൊഴികളിൽ സംശയം തോന്നി. അവർ വോറായുതിനെ കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിൽ കൊണ്ടുപോയി. അയാളുടെ തലേന്ന് രാത്രിയിലെ കെട്ട് അപ്പോഴും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. പൊലീസിന്റെ ചോദ്യം ചെയ്യലിന്റെ സമ്മർദ്ദ മുറകൾ അതിജീവിക്കാൻ അയാൾക്ക് സാധിച്ചില്ല. മദ്യലഹരിയിൽ ആ ഫെറാരി ഓടിച്ച്, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസറെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയത് താൻ തന്നെയാണ് എന്ന് അയാൾ പൊലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി. മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിൽ ആയിരുന്നു എന്ന് മാത്രമല്ല അപകടം നടന്ന സമയത്ത്  താൻ വാഹനമോടിച്ചത് 175 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു എന്നും വോറായുത് സമ്മതിച്ചു. ബാങ്കോക്ക് നഗരത്തിൽ അന്നുണ്ടായിരുന്ന പരമാവധി സ്പീഡ് ലിമിറ്റ് 80 കിലോമീറ്റർ ആയിരുന്നു. അതായത് അതിന്റെ ഇരട്ടിയിൽ അധികം വേഗതയിലായിരുന്നു അയാളുടെ പാഞ്ഞു പോക്ക്. 

കേസ് കോടതിയിൽ എത്തി. വോറായുതിന്റെ പ്രഗത്ഭരായ അഭിഭാഷക സംഘം അയാൾക്ക് ജാമ്യം നേടിക്കൊടുത്തു. പിന്നെ ദീർഘകാലം കോടതിയിൽ ഈ ഹിറ്റ് ആൻഡ് റൺ കേസ് നടന്നു. എന്നാൽ, കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കാൻ അത്യാവശ്യം വേണ്ടുന്ന ഒരു കാര്യം നേരാംവണ്ണം നടക്കുന്നുണ്ടായിരുന്നില്ല. വോറയുത് വിചാരണകളിൽ പലതിലും ഹാജരായിരുന്നില്ല. അപകടം നടന്ന അന്നുതൊട്ട് അയാളെ നാട്ടിലെ ഒരു വിധം അസുഖങ്ങൾ ഒക്കെ വന്നു ബാധിച്ചു. വിചാരണക്ക് തീയതി കുറിച്ചിരുന്ന ദിവസങ്ങളിൽ പലതിലും അയാൾ അവശനിലയിൽ കിടപ്പിലാണ് എന്ന കാരണം കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. ഈ വീഴ്ചകളോടൊക്കെ കോടതി വളരെ ഉദാരമായ സമീപനമാണ് കാണിച്ചത്. അത് പൊതുജനങ്ങളിൽ സംശയമുണർത്തി. അവരിൽ പലരും ചോദിച്ചു, ഇതേ കുറ്റം ചെയ്തത് ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ കോടതി ഇത്ര സൗമ്യമായി അയാളോട് ഇടപെടുമായിരുന്നോ? 

കോടതിയുടെ ഉദാരത മാത്രമല്ലായിരുന്നു പ്രശ്നം. കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമായിരുന്നു. അപകടം നടന്ന സമയത്തെ ഫെറാറിയുടെ വേഗത അതിൽ ഒന്നായിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോഴേക്കും, ആ ഫെറാരി ചെന്ന് ഓഫീസറുടെ ബൈക്കിൽ ഇടിച്ചനേരത്ത് കാറിന്റെ വേഗത 79 കിലോമീറ്റർ ആയിരുന്നു എന്ന് ഫോറൻസിക് എക്സ്പെർട്ട് പറഞ്ഞു. അതായത് പരമാവധി സ്പീഡ് ലിമിറ്റിനേക്കാൾ, കൃത്യം ഒരു കിലോമീറ്റർ കുറവ്. അതൊക്കെ ആയപ്പോൾ തായ്‌ലൻഡിൽ ഈ കേസൊതുക്കലിനെതിരെ കടുത്ത പ്രതിഷേധങ്ങൾ നടന്നു. കോടതിക്കുമേൽ സമ്മർദ്ദമുണ്ടായപ്പോൾ അവർ പ്രതി വോറായുതിനെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. പൊലീസ് അയാളെ അറസ്റ്റു ചെയ്യാൻ വേണ്ടി ബംഗ്ളാവിലെത്തിയപ്പോൾ വോറായുത് തലേന്ന് തന്നെ രാജ്യം വിട്ട് ഇംഗ്ളണ്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു എന്ന മറുപടിയാണ് കിട്ടിയത്. ഇംഗ്ലണ്ടിൽ എവിടെയാണെന്ന് വീട്ടുകാർക്കും അറിയില്ലായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ഇന്റർപോൾ വാറന്റ് വരെ പുറപ്പെടുവിച്ചു എങ്കിലും ഒരു വിധത്തിലുള്ള തുടർ നടപടികളും ഉണ്ടായില്ല. 

 

 

പിന്നീട് വോറായുത് വിദേശത്ത് സുഖവാസത്തിൽ കഴിഞ്ഞു. തുടർന്നുള്ള വർഷങ്ങളിൽ അയാൾക്ക് സഹായമേകുന്ന തരത്തിൽ പല വ്യാജസാക്ഷികളെയും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. 70/80 കിലോമീറ്റർ സ്പീഡിൽ പോകുന്ന ഫെരാരിക്ക് മുന്നിലേക്ക് പെട്ടെന്ന് ബൈക്ക് വെട്ടിച്ച് കേറുന്നതും, ബ്രെക്ക് കിട്ടാതെ കാറിന് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കേണ്ടി വന്നതും ഒക്കെ പല സാക്ഷികളും കണ്ണിൽ കണ്ടതുപോലെ വിവരിച്ചു. പ്രോസിക്യൂഷൻ കേസുകൾ പലതും ആരുമറിയാതെ പിൻവലിച്ചു കൊണ്ടിരുന്നു. ജനങ്ങളുടെ പ്രതിഷേധമുണ്ടായി. റെഡ്ബുൾ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്നൊരു കാമ്പെയ്ൻ ഉണ്ടായി. 

പോകെപ്പോകെ ഈ കേസ് മറവിയിലേക്ക് മാഞ്ഞു. മരിച്ചവരുടെ വീട്ടുകാർക്ക് റെഡ് ബുൾ കമ്പനിയിൽ നിന്ന് കനത്തൊരു തുക നഷ്ടപരിഹാരമായി നൽകപ്പെട്ടു എന്നും പറയപ്പെടുന്നു. എന്തായാലും, കഴിഞ്ഞ എട്ടു വർഷങ്ങളായി തുടരുന്ന വിചാരണ എന്ന പ്രഹസനത്തിന് 2020 ജൂലൈ 24 -ന് പരിസമാപ്തിയുണ്ടായി. അന്ന്, ഈ അപകടം സംബന്ധിച്ച സകല കേസുകളിൽ നിന്നും, വോറായുത് യൂവിധായയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയും വന്നു. ഇനിയും വോറായുത് അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെടേണ്ടതില്ല എന്നും, വേണമെങ്കിൽ അയാൾക്ക് തായ്‌ലണ്ടിലേക്ക് തിരിച്ചുവരാം എന്നും അഭിപ്രായമുണ്ടായി. എന്തായാലും, കോടതി മുറിക്കുള്ളിൽ ചെന്നുനിന്നാൽ, കാശില്ലാത്തവന് ഒരു നീതിയും, കാശുള്ളവന് മറ്റൊരു നീതിയുമാണ് കിട്ടുക എന്ന ജനങ്ങളുടെ ആക്ഷേപത്തിന് ബലം നൽകുന്ന ഒന്നായി, തായ്‌ലണ്ടിന്റെ നീതിന്യായ വ്യവസ്ഥയിലെ ഒരു ഇരുണ്ട അധ്യായമായി ഈ ഫെറാരി ഹിറ്റ് ആൻഡ് റൺ കേസ് മാറി.