Asianet News MalayalamAsianet News Malayalam

രജിസ്ട്രേഷന് വണ്ടിയുമായി ഇനി ആര്‍ടി ഓഫീസില്‍ പോകേണ്ട, കേന്ദ്രത്തിന് കയ്യടിച്ച് കേരളം!

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനിമുതല്‍ വാഹനവുമായി ആര്‍ടി ഓഫിസിൽ പോകേണ്ടിവരില്ല. പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ കേന്ദ്രം. സ്വാഗതം ചെയ്‍ത് കേരളം

Registration Inspection For New Vehicle To Be Made Completely Online By Transport Ministry
Author
Delhi, First Published Feb 17, 2021, 12:52 PM IST

ദില്ലി: പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനിമുതല്‍ വാഹനവുമായി ആര്‍ടി ഓഫിസിൽ പോകേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂർണമായും ഓൺലൈന്‍ ആക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായും ഈ അഭിപ്രായം ലഭിച്ചാല്‍ 14 ദിവസത്തിനകം അന്തിമ വിജ്ഞാപനം പുറത്തിറങ്ങും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനമേഖലയിലെ വിപ്ലവകരമായ മാറ്റമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ അന്തിമവിജ്‍ഞാപനം വരുന്നതോടെ ഇല്ലാതെയാകും. നിലവിലെ രീതി അനുസരിച്ച് രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന. 

എന്നാല്‍ 'വാഹന്‍' സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മുമ്പ് വാഹനത്തിന്റെ വിവരങ്ങള്‍ മുമ്പ് ഷോറൂമുകളില്‍നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍  വിവരങ്ങള്‍ നല്‍കുന്നത്.  അതായത് കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ എത്തിയിരിക്കും. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്. അതുകൊണ്ടുതന്നെ വാഹനത്തിന്‍റെ നിര്‍മാണത്തീയ്യതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല. 

എന്നാല്‍ ഷാസി വാങ്ങിയ ശേഷം ബോഡി നിർമിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആർടി ഓഫിസിൽ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന. 

മാത്രമല്ല വാഹനം വിറ്റാല്‍ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓൺലൈൻ വഴിയാകും. ഴയ വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെ രേഖകൾ ആർടി ഓഫിസിൽ തിരിച്ചേൽപിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തും.  ഇനിമുതല്‍ വാഹനം വിൽക്കുന്നയാൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതി. എല്ലാ വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്പോഴും ഇനി ആധാർ കൂടി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്‍ഞാപനത്തിലുണ്ട്. വിജ്ഞാപനം പുറത്തിറക്കുന്നതോടെ മോട്ടർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറുകളിലും മാറ്റം വരും. പആധാര്‍ വിവരങ്ങള്‍കൂടി ഉള്‍ക്കൊള്ളിക്കുന്നതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാകും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം ഉടന്‍ ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം കേരളം ഈ മാറ്റം സ്വാഗതം ചെയ്‍തതായാണ് റിപ്പോര്‍ട്ടുകള്‍.  ഓൺലൈനായി ലൈസൻസ് അപേക്ഷ ഉൾപ്പെടെ കേന്ദ്ര കരട് വിജ്ഞാപനത്തിലുള്ള കാര്യങ്ങൾ കേരളം നേരത്തെ നടപ്പാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios