'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പിനോടൊപ്പം ഇനിമുതല്‍ മദ്യക്കുപ്പികളില്‍ 'മദ്യപിച്ചു വണ്ടിയോടിക്കരുത്' എന്നുകൂടി എഴുതി വയ്പ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിട്ടി(ഫസ്സായി)
മദ്യപിച്ചുള്ള വണ്ടിയോട്ടത്തിനു തടയിടാന്‍ മദ്യക്കുപ്പികളും! കേട്ടിട്ട് അമ്പരന്നോ? എന്നാല്‍ സംഗതി സത്യമാണ്. 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പിനോടൊപ്പം ഇനിമുതല്‍ മദ്യക്കുപ്പികളില്‍ 'മദ്യപിച്ചു വണ്ടിയോടിക്കരുത്' എന്നുകൂടി എഴുതി വയ്പ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിട്ടി(ഫസ്സായി) തയ്യാറെടുക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഒപ്പം മദ്യം എങ്ങനെ ആരോഗ്യത്തിന് ഹാനികരമാവുന്നു എന്ന സചിത്ര വിവരണവും കുപ്പികള്‍ക്ക് പുറത്തുണ്ടാവും.
ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ദില്ലി ഹൈക്കോടതിയുടെ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിട്ടി പുതിയ നിയമം കൊണ്ടുവരുന്നത്.
200 മില്ലിഗ്രാം വരെയുള്ള കുപ്പികളിലെ ലേബലുകളില്‍ വലിയ ഇംഗ്ലീഷ് അക്ഷരത്തില്‍ ഒന്നര മില്ലിമീറ്റര്‍ വലിപ്പത്തില്‍ കുറയാതെ ഈ മുന്നറിയിപ്പ് പ്രിന്റ് ചെയ്യണം. 200 മില്ലിഗ്രാമിന് മുകളിലുള്ള കുപ്പികളില്‍ ഇതിന്റെ വലിപ്പം മൂന്ന് മില്ലീമീറ്ററാവും. വൈന്‍, ബിയര്‍ അടക്കമുള്ള എല്ലാതരം മദ്യത്തിനും ഈ നിയമം ബാധകമാണ്.
കൂടാതെ ആല്‍ക്കഹോളിന്റെ അളവ്, അലര്‍ജി സംബന്ധമായ മുന്നറിയിപ്പ്, പോഷകവിവരങ്ങള്‍, മറ്റെന്തെങ്കിലും അവകാശവാദങ്ങള്‍ എന്നിവ ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന്റെയെല്ലാം വിശദീകരണവും ലേബലിലുണ്ടാവണം.
ഏപ്രില്‍ ഒന്നുമുതലാണ് നിയമം നിലവില്‍ വരേണ്ടതെങ്കിലും ഈ മാറ്റം പ്രാവര്‍ത്തികമാക്കാന്‍ മദ്യക്കമ്പനികള്‍ക്ക് ഒരു വര്‍ഷത്തെ സമയം അതോറിറ്റി നല്‍കിയിട്ടുണ്ട്.
അമേരിക്ക, കെനിയ, തായ്ലന്‍ഡ്,മെക്സിക്കോ തുടങ്ങി ഒട്ടേറേ രാജ്യങ്ങളില്‍ ഇത്തരം പരീക്ഷണം വിജയിച്ചിട്ടുണ്ടെന്ന് ഇതിനു വേണ്ടി വാദിക്കുന്നവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
