ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്‌യുവി കാപ്‍ചറിന്‍റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് റഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പരിഷ്‌കരിച്ച എസ് യുവിയുടെ ചിത്രങ്ങള്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. 

റെനോ അര്‍ക്കാന എന്ന എസ്‌യുവി കൂപ്പെയില്‍ അരങ്ങേറിയ ബി0 പ്ലസ് പ്ലാറ്റ്‌ഫോമാണ് പുതിയ റഷ്യാ സ്‌പെക് റെനോ കാപ്ചര്‍ അടിസ്ഥാനമാക്കുന്നത് . എന്നാല്‍ ഫേസ്‌ലിഫ്റ്റ് ചെയ്യുന്നതിന് മുമ്പ് റഷ്യയില്‍ വിറ്റ കാപ്ചറും നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാപ്ചറും ബി0 എന്ന പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമാക്കുന്നത്.

പുതിയ ലുക്കിലുള്ള അലോയ് വീലുകള്‍, ഗ്രില്ലിലും ബംപറിലും നേരിയ മാറ്റങ്ങള്‍ എന്നിവയോടെയാണ് റെനോ കാപ്ചര്‍ ഫേസ്‌ലിഫ്റ്റ് റഷ്യന്‍ വിപണിയിലെത്തുന്നത്. പരിഷ്‌കരിച്ച റെനോ കാപ്ചര്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. റഷ്യയില്‍ കണ്ട അതേ മാറ്റങ്ങളോടെയായിരിക്കും പുതിയ റെനോ കാപ്ചര്‍ ഇന്ത്യയിലെത്തുന്നത്. പുതിയ റഷ്യാ സ്‌പെക് റെനോ കാപ്ചര്‍ അടിസ്ഥാനമാക്കിയ ബി0 പ്ലസ് പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കില്ല. ഇന്ത്യയില്‍ ബി0 പ്ലാറ്റ്‌ഫോം തുടര്‍ന്നും ഉപയോഗിക്കും.

ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും റെനോ കാപ്ചര്‍ ലഭിക്കുന്നത്. 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ല. അതായത് ബിഎസ് 6 കാലഘട്ടത്തിന്റെ തുടക്കത്തില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും റെനോ കാപ്ചര്‍ വില്‍ക്കുന്നത്. പുതിയ കാപ്ചറില്‍ 156 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, ഡയറക്റ്റ് ഇന്‍ജെക്റ്റഡ് പെട്രോള്‍ എന്‍ജിനും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.