Asianet News MalayalamAsianet News Malayalam

പുത്തന്‍ എഞ്ചിനുമായി ഡസ്റ്റര്‍, എതിരാളികള്‍ ഇനി വിയര്‍ക്കും

ഇപ്പോൾ വിപണിയിലുള്ള 5-സീറ്റർ കോംപാക്ട് എസ്‌യുവി മോഡലുകളിൽ ഏറ്റവും കരുത്തുറ്റ എഞ്ചിനുകളിലൊന്നാണ് പുത്തൻ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിൻ. 

Renault Duster turbo petrol India launch details revealed
Author
mumbai, First Published Jul 22, 2020, 12:33 PM IST

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്‍യുവി ഡസറ്റര്‍ കരുത്ത് കൂടിയ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിനുമായി എത്തുന്നു. 

ഇപ്പോൾ വിപണിയിലുള്ള 5-സീറ്റർ കോംപാക്ട് എസ്‌യുവി മോഡലുകളിൽ ഏറ്റവും കരുത്തുറ്റ എഞ്ചിനുകളിലൊന്നാണ് പുത്തൻ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിൻ. കിയ സെൽറ്റോസിന്റെ 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിന്റെ 138 ബിഎച്ച്പിയെ കടത്തിവെട്ടും പുത്തൻ ഡസ്റ്റർ എൻജിൻ.

നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 153 ബിഎച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്നതായിരിക്കും. ഇതേ എൻജിൻ ആണ് 2020 നിസാൻ കിക്‌സ് എസ്‌യുവിയിലുമുള്ളത്. 1.5 ലിറ്റർ എഞ്ചിനുള്ള ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ എൻജിന്റെ ടോർക്ക് 108 എൻ‌എമ്മും പവർ 48 ബിഎച്ച്പിയും കൂടുതലാണ്. 1.5 ലിറ്റർ എഞ്ചിനുള്ള ഡസ്റ്ററിന് 5 സ്പീഡ് മാന്വൽ, സിവിടി ഗിയർ ബോക്‌സ് ഉള്ളപ്പോൾ, ഡസ്റ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള പുത്തൻ മോഡലിന് 6-സ്പീഡ് മാന്വലും സിവിടിയും ആണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

കഴിഞ്ഞ വർഷം പരിഷ്കരിച്ചു വിപണിയിലെത്തിയ ഡസ്റ്റർ മോഡലുമായി കാഴ്ചയിൽ ടർബോ പെട്രോൾ എഞ്ചിനുള്ള പുത്തൻ മോഡലിന് കാര്യമായ മാറ്റങ്ങളില്ല. ഫ്രണ്ട് ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിങ്, ടെയിൽ‌ ഗേറ്റിലെ ഡസ്റ്റർ ബാഡ്‌ജിംഗ് എന്നിവിടങ്ങളിൽ ചുവപ്പ് നിറമുള്ള ഗാർണിഷ് ഉൾപെടുത്തിയിരിക്കുന്നതാണ് പ്രകടമായ മാറ്റം. 17-ഇഞ്ച് അലോയ് വീൽ റീഡിസൈൻ ചെയ്തിട്ടുണ്ട്. അതേസമയം ഇന്റീരിയറിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല.

2020 മാര്‍ച്ചിലാണ് ബിഎസ് 6 പാലിക്കുന്ന ഡസ്റ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എസ്, ആര്‍എക്‌സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമാണ് 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്. യഥാക്രമം 8.49 ലക്ഷം, 9.29 ലക്ഷം, 9.99 ലക്ഷം രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില. ഡീസല്‍ എന്‍ജിനൊപ്പം പെട്രോള്‍-സിവിടി വേരിയന്റും ഒഴിവാക്കിയിരുന്നു. ടര്‍ബോ എഞ്ചിന്‍ എത്തുമ്പോള്‍ വില ഇനിയും കൂടിയേക്കും. 

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് നിലവിലെ 2020 റെനോ ഡസ്റ്ററിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 105 ബിഎച്ച്പി പരമാവധി കരുത്തും 142 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

ബിഎസ് 6 എന്‍ജിന്‍ നല്‍കിയതൊഴിച്ചാല്‍ എസ്‌യുവിയില്‍ ഇപ്പോള്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2019 ജൂലൈയിലാണ് പുതുക്കിയ ഡസ്റ്ററിനെ കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ഗ്രില്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പുതിയ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, മുന്നിലും പിന്നിലും കൂടുതല്‍ കരുത്തുറ്റ ബംപര്‍ എന്നിവയാണ് അന്ന് ലഭിച്ചത്.

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സംവിധാനങ്ങളും പുതിയ ഡസ്റ്ററില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്‌സ് തുടങ്ങിയവരാണ് ഡസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍. അടുത്തമാസം ടര്‍ബോ എഞ്ചിനുള്ള ഡസ്റ്റര്‍ കൂടി എത്തുന്നതോടെ മത്സരം കടുക്കുമെന്ന് ഉറപ്പ്. 

Follow Us:
Download App:
  • android
  • ios